theft

തിരുവനന്തപുരം: നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള വീടുകളിൽ നിന്നും സ്വർണവും പണവും കവർന്ന മൂന്നംഗ സംഘത്തെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. മെഡിക്കൽ കോളേജ് ഈന്തിവിള ലെയിൻ പുതുവൽ പുത്തൻവീട്ടിൽ ബാഹുലേയൻ (54), വിളവൂർക്കൽ മലയം മേപ്പറക്കുഴി വടക്കതിൽ വീട്ടിൽ സുനിൽ ഗുപ്‌ത (40), കൂവളശേരി അരുവിക്കര സാജു നിവാസിൽ സാബു (43) എന്നിവരെയാണ് പിടികൂടിയത്. ബാഹുലേയന്റെ പേരിൽ 2003 മുതൽ ഇതുവരെ വിവിധ സ്റ്റേഷനുകളിലായി 43 മോഷണക്കേസുകൾ നിലവിലുണ്ട്. സുനിൽ ഗുപ്തയ്‌ക്ക് മെഡിക്കൽ കോളേജ്, പേരൂർക്കട, ബാലരാമപുരം,​ കഴക്കൂട്ടം തുടങ്ങിയ സ്റ്റേഷനുകളിലും സാബുവിന് മെഡിക്കൽ കോളേജ്, കന്റോൺമെന്റ്, കാട്ടാക്കട തുടങ്ങിയ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. തുമ്പ സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടക്കവേ അവിടെവച്ച് സുനിൽ ഗുപ്‌തയുമായി പരിചയപ്പെട്ടു. തുടർന്ന് ആസൂത്രണം ചെയ്‌തശേഷം ജാമ്യത്തിൽ പുറത്തിറങ്ങി ഇരുവരും ചേർന്ന് മോഷണം നടത്തുകയായിരുന്നു. പട്ടം സെന്റ് മേരീസ് ലെയിനിൽ മോഹനന്റെ വീട്ടിൽ നിന്നും ആറര പവൻ സ്വർണവും 12,000 രൂപയും കവർന്ന കേസിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് പട്ടം മരപ്പാലത്തെ വീട്ടിൽ നിന്നും 35 പവൻ സ്വർണവും 35,000 രൂപയും മോഷ്ടിച്ചത്,​ വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ ഇലഞ്ഞിപ്പുറത്തെ വീട്ടിൽ നിന്നും 15 ഗ്രാം സ്വർണവും 20,000 രൂപയും മോഷ്ടിച്ചത്,​ നേമം വള്ളംകോടിലെ വീട്ടിൽ നിന്നും 7 പവനും 40,000 രൂപയും കവർന്നതും ഉൾപ്പെടെയുള്ള നിരവധി മോഷണക്കേസുകൾ തെളിഞ്ഞിട്ടുണ്ട്. ബാഹുലേയനാണ് മോഷണ സംഘത്തിന്റെ തലവൻ. ബാഹുലേയനും സുനിൽ ഗുപ്‌തയും പകൽ സമയങ്ങളിൽ മോഷണത്തിനായി വീടുകൾ കണ്ടുവയ്ക്കും. രാത്രിയെത്തി വാതിൽ പൊളിച്ചും ജനൽക്കമ്പി വളച്ചും അകത്ത് കടന്നാണ് മോഷണം നടത്തുന്നത്. ആൾ താമസമുള്ള വീടുകളിൽ ജനൽക്കമ്പി വളച്ച് മോഷണം നടത്തുന്നത് ബാഹുലേയനാണ്. ഈ സമയം സുനിൽ ഗുപ്‌ത പരിസരം വീക്ഷിക്കും. മോഷണമുതലുകൾ സാബു മുഖേനയാണ് വിൽക്കുന്നത്. മോഷണം നടന്ന വീടുകളിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, ജ്യോതിഷ്, യശോധരൻ, അരുൺകുമാർ, എ.എസ്.ഐ സാബു. ടിജെ, എസ്.സി.പി.ഒമാരായ രഞ്ജിത്, ജ്യോതി, വിനോദ്. എസ്, വിനോദ്.ബി, സി.പി.ഒമാരായ വിനീത്, പ്രതാപൻ, അരുൺ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.