
ഓയൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ളസ് വൺ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച നാല് യുവാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നല്ലില പഴങ്ങാലം, ഉത്രാടത്തിൽ ഹൃദയ് (19), പഴങ്ങാലം അംബി പൊയ്ക കോഴിക്കൽ പുത്തൻവീട്ടിൽ റഫീഖ് (22), പള്ളിമൺ ജാബി നിവാസിൽ ജയകൃഷ്ണൻ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപയിൽ അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്.
നാലുമാസം മുൻപാണ് വിദ്യാത്ഥിനിയുമായി സംഘം പരിചയപ്പെട്ടത്. വിദ്യാർത്ഥിനിയുമായി ആദ്യം അടുപ്പത്തിലായ ഹൃദയ് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് വിദ്യാർത്ഥിനിയുടെ ഫോൺ നമ്പർ കൈമാറി. ഇവർ വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലായ ശേഷം ഹൃദയിന്റെ വീട്ടിലെത്തിച്ച് നാലുപേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 29ന് കൂട്ടുകാരിയുടെ വീട്ടിൽ പോവുകയാണെന്നും ഇന്ന് വരില്ലെന്നും പെൺകുട്ടി മൊബൈലിൽ വിളിച്ച് വീട്ടുകാരോട് പറഞ്ഞു. വീട്ടിൽ തിരികെയെത്തണമെന്ന് പറഞ്ഞെങ്കിലും വന്നില്ല. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ കാണ്മാനില്ലെന്ന് കാട്ടി പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ വർക്കല കാണിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേയ്ക്കും കണ്ടെത്താനായില്ല.
പിന്നീട് മണിക്കൂറുകൾക്ക് ശേഷം ടവർ ലൊക്കേഷൻ ഓടനാവട്ടം മുട്ടറ എന്ന് കാണിച്ചു. ഈ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പിറ്റേന്ന് വീട്ടിൽ തിരികെയെത്തിയതായി കണ്ടെത്തി. തുടർന്ന് പൊലീസ് പെൺകുട്ടിയെ ചൈൽഡ് ലൈനിൽ കൗൺസലിംഗ് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐമാരായ രാജൻ ബാബു, സന്തോഷ് കുമാർ, എ.എസ്.ഐമാരായ രാജേഷ്, ഗോപകുമാർ, അനിൽകുമാർ, എസ്.സി.പി.ഒ ലിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ്ണ് ഇവരെ പിടികൂടിയത്.