mla-nafiye-sandharshikkun

കല്ലമ്പലം: ടോറസ് ഡ്രൈവറായ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. മണമ്പൂർ ചാത്തമ്പറ അൽനാഫിഹ് മൻസിലിൽ നാഫിക്കാണ് (28) മർദ്ദനമേറ്റത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നരവർഷമായി കരാർ അടിസ്ഥാനത്തിലുള്ള ടോറസിലെ ഡ്രൈവറാണ് ഇയാൾ. ലോഡിറക്കിയ ശേഷം ചിറയിൻകീഴ്‌ വഴി തിരികെ വരുമ്പോൾ ചിറയിൻകീഴ്‌ പൊലീസ് വാഹനം തടഞ്ഞുനിറുത്തി മൊബൈൽ ഫോൺ വാങ്ങി. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്ന് സംഭവ സ്ഥലത്തുവച്ചും സ്റ്റേഷനിൽ വച്ചും എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന് നാഫിയുടെ മാതാപിതാക്കൾ ഉന്നതാധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ നാഫി ചാത്തമ്പറ കെ.ടി.സി.ടി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.ഐയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, കൺവീനർ എം.എസ്. ഷെഫീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. അഡ്വ.ബി. സത്യൻ എം.എൽ.എ, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, പി.ജെ. നഹാസ്, ബ്ലോക്ക്‌ മെമ്പർ ജി. കുഞ്ഞുമോൾ തുടങ്ങിയവർ ആശുപത്രിയിൽ നാഫിയെ സന്ദർശിച്ചു.