junaidh

പാലോട്: കുശവൂർ മുതൽ പ്ലാവറ പമ്പിന് മുൻവശം വരെ മദ്യലഹരിയിൽ അമിത വേഗത്തിൽ ടിപ്പർ ഓടിച്ച് വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കി ഒരാൾ മരിച്ച കേസിലെ പ്രതിയെ പിടികൂടി. ബൈക്ക് യാത്രക്കാരൻ ആനാട് ആലംകോട് ചരുവിള വീട്ടിൽ സുനിൽ മരിച്ച സംഭവത്തിൽ പെരിങ്ങമല വില്ലേജിൽ കരിമൺകോട് പുള്ളിവട്ടം നടത്തരികത്ത് വീട്ടിൽ നിന്നും പനങ്ങോട് കൊച്ചുവൻകാട് വാടകയ്ക്ക് താമസിക്കുന്ന ജുനൈദിനെയാണ് (35) പാലോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെ കുശവൂർ ഭാഗത്ത് നിന്ന് നന്ദിയോട് ഭാഗത്തേക്ക് പ്രതി അമിതവേഗതയിൽ ഓടിച്ചുവന്ന ടിപ്പർ റേഞ്ച് ഓഫീസിന് സമീപത്തുവച്ച് സുനിൽ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിച്ചുതെറിപ്പിച്ച ശേഷം നിറുത്താതെ പോകുകയായിരുന്നു. ഇതിനുശേഷം പ്ലാവറ പമ്പിനുസമീപം എതിർദിശയിൽ വരികയായിരുന്ന കാറിൽ ഇടിച്ചുകയറ്റിയശേഷം ടിപ്പർ ലോറി മതിലിൽ ഇടിച്ചാണ് നിന്നത്. കാർ യാത്രക്കാർക്ക് നിസാര പരിക്കുണ്ട്. മദ്യലഹരിയിൽ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ സുനിലിനെ (47) മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10ഓടെ മരിച്ചു. സ്‌കൂട്ടർ ഓടിച്ചയാളിനും പരിക്കുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ നെടുമങ്ങാട് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മദ്യപിച്ചതായി കണ്ടതിനെ തുടർന്ന് ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്‌‌തു. ഫിംഗർപ്രിന്റ്, സയന്റിഫിക് അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻസ്‌പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐമാരായ സാംരാജ്, ഇർഷാദ്, എ.എസ്.ഐമാരായ അൻസാറുദ്ദീൻ, അജി, അനിൽകുമാർ, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.