
ചെർപ്പുളശ്ശേരി: കുടുംബ വഴക്കിനിടെ ഇരുമ്പുവടി കൊണ്ട് മകന്റെ അടിയേറ്റ് പിതാവ് നെല്ലായ ഇരുമ്പാലശ്ശേരി പള്ളിപ്പടി കാരാംകോട്ടിൽ വീട്ടിൽ മുഹമ്മദ് (68) എന്ന ബാപ്പുട്ടി ഹാജി മരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തിനാണ് സംഭവം. അക്രമം നടത്തിയ ഇളയ മകൻ അഫ്സലിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാപ്പുട്ടി ഹാജിയെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സമയത്ത് അഫ്സലിന്റെ ഉമ്മ ഫാത്തിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദേശത്തായിരുന്ന അഫ്സൽ അടുത്തിടെയാണ് നാട്ടിൽ വന്നത്. ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ബാപ്പുട്ടിയുടെ മറ്രുമക്കൾ: മൊയ്തീൻകുട്ടി, സക്കീർ, ഫൈസൽ.
സി.ഐ പി.എം. ഗോപകുമാർ, എസ്.ഐ സി.ടി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധർ ഇന്ന് സ്ഥലം സന്ദർശിക്കും.