
തിരുവനന്തപുരം:മാദ്ധ്യമ പ്രവർത്തകനായ കെ.എം.ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിൽ സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സെെബർ സെൽ ഡിവെെ.എസ്.പി കോടതിയിൽ നേരിട്ടെത്തി പകർത്തി നൽകും. ഇതിനുള്ള ഉപകരണങ്ങളുമായി ഈ മാസം 15 ന് എത്താൻ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ.അനീസ ഉത്തരവിൽ നിർദ്ദേശിച്ചു. അപകടസമയത്തെ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന പ്രതികളുടെ ഹർജിയിലാണ് നിർദ്ദേശം.
കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതികൾക്ക് ദൃശ്യങ്ങളുടെ പകർപ്പും നൽകേണ്ടിയിരുന്നതാണ്. ദൃശ്യങ്ങൾ തൊണ്ടിമുതലായി പ്രോസിക്യൂഷൻ ലിസ്റ്റ് ചെയ്തതിനാൽ പ്രതികൾക്ക് അത് കിട്ടാൻ നിർവ്വാഹമില്ലാതായി. ഇൗ സാഹചര്യത്തിലാണ് കോടതിയിൽ വച്ച് ദൃശ്യങ്ങൾ പകർത്തി നൽകാൻ അനുവദിക്കുന്നത്.
തൊണ്ടി മുതലുകളുടെ പകർപ്പ് പ്രതികൾക്ക് നിയമപരമായി നൽകാനാവില്ല. ദൃശ്യങ്ങളുടെ പകർപ്പ് കോടതിയിലുളള ഡി.വി.ആറിൽ നിന്ന് പകർത്തുമ്പോൾ അതിന്റെ ഹാഷ് ടാഗിന് മാറ്രം സംഭവിക്കാം എന്ന് ആരോപണം ഉയർന്നിരുന്നു.തുടർന്ന് ഫോറൻസിക് വിദഗ്ദ്ധരുടെ അഭിപ്രായം തേടിയിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയം ജംഗ്ഷനിലെ പബ്ളിക് ഒാഫീസിന് സമീപം വച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം.ബഷീർ ശ്രീറാം വെങ്കിട്ടരാമൻ എെ.എ.എസും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ ഉമ നൗഷാദ് ഹാജരായി.