
പള്ളിക്കൽ (പത്തനംതിട്ട) : എട്ടുവയസുകാരനെ ചട്ടുകം ചൂടാക്കി കാലിൽ പൊള്ളിച്ച കേസിൽ അറസ്റ്റിലായ പിതാവിനെ റിമാൻഡ് ചെയ്തു. പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കേതിൽ ശ്രീകുമാറിനെയാണ് (31) അടൂർ പൊലീസ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ 30നാണ് സംഭവം. മൂന്നാംക്ലാസിൽ പഠിക്കുന്ന മകനോട് പാഠഭാഗങ്ങൾ പഠിക്കാൻ പറഞ്ഞശേഷം ശ്രീകുമാർ പുറത്തേക്ക് പോയിരുന്നു. വൈകിട്ട് തിരികെവന്നപ്പോൾ കുട്ടി പഠിച്ചിട്ടില്ലായിരുന്നു. ക്ഷുഭിതനായ ശ്രീകുമാർ ചട്ടുകം തീയിൽ ചൂടാക്കി കുട്ടിയുടെ കാലിൽ വയ്ക്കുകയായിരുന്നു. മാതാവാണ് വിവരം മറ്റുള്ളവരോട് പറഞ്ഞത്.  മുമ്പ് മൂന്നുതവണ ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.