
ചാലക്കുടി: പരിയാരം ചാലക്കുടി റൂട്ടിലെ സ്വകാര്യ ബസ് യാത്രക്കാരനെ പോക്കറ്റിടിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി തെക്കേകുഴിപ്പുറത്തു വീട്ടിൽ രാജേഷിനെ (36) ആണ് എസ്.ഐ: എം.എസ് ഷാജനും സംഘവും അറസ്റ്റ് ചെയ്തത്. എലിഞ്ഞിപ്ര തീത്തായി ലോനപ്പൻ എന്നയാളുടെ പോക്കറ്റിൽ നിന്ന് 5950 രൂപയാണ് സംഘം പോക്കറ്റടിച്ചത്.
മറ്റുള്ളവർ ബസ് നിറുത്തുന്നതിനിടെ രക്ഷപ്പെട്ടു. അതിരപ്പിള്ളിയിൽ നിന്നും ചാലക്കുടിയിലേക്ക് വന്നിരുന്ന ബസിൽ എലിഞ്ഞിപ്ര പാറപ്പറത്ത് വച്ചാണ് ലോനപ്പൻ കയറിയത്. രണ്ടു കിലോമീറ്റർ പിന്നിടുന്നതിനിടയിൽ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് ലോനപ്പൻ ബഹളം വച്ചപ്പോൾ സംശയാസ്പദമായി കാണപ്പെട്ട രാജേഷിനെ യാത്രക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലോനപ്പന്റെ അടിവസ്ത്രത്തിൽ ബ്ലേഡ് വച്ചായിരുന്നു മോഷണം. നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല. ഇടയ്ക്ക് ഇറങ്ങിപ്പോയ കൂട്ടാളികളുടെ പക്കൽ പണം ഏൽപ്പിച്ചതാകുമെന്ന് പൊലീസ് സംശയിക്കുന്നു.