
തിരുവനന്തപുരം :പൊലീസ് ലോഗോ ഉപയോഗിച്ച് വാട്സ്ആപ്പിൽ പ്രൊഫൈൽ ചിത്രം നിർമ്മിച്ച് പൊലീസ് കമ്മിഷണർ എന്ന വ്യാജേന സന്ദേശങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. വെങ്ങാനൂർ പോങ്ങുവിള വീട്ടിൽ അമൽജിത്തിനെയാണ് (29) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വെൽഡിംഗ് തൊഴിലാളിയായ ഇയാൾ കേരള പൊലീസ് ലോഗോ ഉപയോഗിച്ച് സിറ്റിപൊലീസ് കമ്മിഷണർ എന്ന വ്യാജേന വാട്സ്ആപ്പിൽ ബിസിനസ് അക്കൗണ്ട് ആരംഭിച്ചു.
ഈ നമ്പരിൽ നിന്നും പലർക്കും 'നിങ്ങളുടെ നമ്പർ സൈബർ സെൽ നിരീക്ഷിക്കുന്നു' എന്നുള്ള ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചത്. ട്രൂ കോളറിലും കമ്മിഷണർ എന്നുളള പേര് വരത്തക്കവിധം ഇയാൾ കൃത്രിമം കാണിച്ചിരുന്നു. ഇത് സിറ്റി സൈബർ സെൽ കണ്ടെത്തി വിഴിഞ്ഞം പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീൺ, എസ്.ഐ മാരായ സജി.എസ്.എസ്, വിഷ്ണു സജീവ്, സി.പി.ഒ മാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.