cv

സി.വി. കുഞ്ഞുരാമൻ എന്ന പേര് മലയാള പത്രപ്രവർത്തന ചരിത്രത്തിലെയും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെയും മലയാള ഗദ്യഭാഷയിലെയും ധീരതയുടെയും പരിവർത്തനത്തിന്റെയും മുദ്ര‌യാണ്. കേരളകൗമുദിയുടെ പിതാവു കൂടിയായ സി.വി. കു‌ഞ്ഞുരാമന്റെ 150-ാം ജന്മവാർഷികമാണ് ഇന്ന്. ജാതീയമായ ഉച്ചനീചത്വങ്ങളുടെയും അതിൽ അടിത്തറയിട്ട സാമൂഹിക അനാചാരങ്ങളുടെയും ഇരുണ്ട കാലത്ത് നവോത്ഥാന വിപ്ളവത്തിന്റെ സൂര്യാഗ്നിയായി ജ്വലിച്ച ശ്രീനാരായണ ഗുരുവിൽ നിന്ന് പ്രകാശമുൾക്കൊണ്ടായിരുന്നു ഏതു മേഖലയിലും സി.വിയുടെ ധീരസഞ്ചാരം.

അടിച്ചമർത്തപ്പെട്ട പിന്നാക്ക ജനതയുടെ എതിർപ്പിന്റെയും ചെറുത്തുനില്പിന്റെയും സമരങ്ങളുടെയും ഉയിർത്തെഴുന്നേല്പിന്റെയും കഥ കൂടിയാണ് ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങൾ. ഇത്തരം പ്രവ‌ർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ഡോ. പല്പുവിനും കുമാരനാശാനുമൊപ്പം സി.വി. കുഞ്ഞുരാമനും അദ്ദേഹം മുഖ്യ പത്രാധിപത്യം വഹിച്ചിരുന്ന 'കേരളകൗമുദി'യും ഉണ്ടായിരുന്നു. ആ വെളിച്ചമാണ് ഞങ്ങൾ അക്ഷരങ്ങളിൽ കെടാതെ സൂക്ഷിക്കുന്നത്.

ആധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ പിതാവായ സി.വി. കുഞ്ഞുരാമൻ ദിനപത്രങ്ങളുടെ ഭാഷയിൽ നിന്നു മാത്രമല്ല, എഴുത്തുഭാഷയിൽ നിന്നു കൂടിയാണ് അലങ്കാരങ്ങളുടെ ഏച്ചുകെട്ടലുകൾ വെട്ടിക്കളഞ്ഞ് തെളിവാർന്ന മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും കണ്ടെടുത്തത്. വൈക്കം

സത്യഗ്രഹത്തിന്റെയും തുടർന്നുണ്ടായ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെയും മുൻനിരയിൽ പിന്നാക്ക ജനതയുടെ അഭിമാനത്തിനും അവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ കരുത്തും കനൽച്ചൂടും സി.വിയുടെ ഭാഷയിലും കത്തിനിന്നു.

ഈഴവർ ഉൾപ്പെടെ പിന്നാക്ക ജനവിഭാഗങ്ങളുടെ താത്പര്യസംരക്ഷണാർത്ഥം പരവൂർ കേശവനാശാന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സുജനാനന്ദിനി'യുടെ പ്രവർത്തനം 1906-ൽ നിലച്ചതോടെ, പിന്നാക്ക സമുദായ കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരു പത്രം വേണമെന്ന ആശയം ശക്തമായപ്പോൾ ശ്രീനാരായണ ഗുരുദേവന്റെ നിർദ്ദേശപ്രകാരം അതിനു മുൻകൈയെടുത്തത് സി.വി. കുഞ്ഞുരാമൻ ആയിരുന്നു. 1911 ൽ 'കേരളകൗമുദി'ക്ക് തുടക്കമിടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന സി.വി, അതുകൊണ്ട് സരസ കവി മൂലൂരിന്റെ പേരാണ് പത്രാധിപരായി വച്ചത്. എന്നാൽ, മുഖപ്രസംഗമെഴുത്ത് ഉൾപ്പെടെ പത്രാധിപരുടെ മുഴുവൻ ജോലിയും സി.വി തന്നെ ചെയ്തു.

'കേരളകൗമുദി'യുടെ ഉടമസ്ഥാവകാശം എഴുതിവാങ്ങുകയും പത്രാധിപത്യം സി.വിക്ക് നൽകുകയും ചെയ്തതോടെ സി.വി അതിന്റെ ജീവാത്മാവും പരമാത്മാവുമായി. 'ഞാൻ ഈഴവ കാര്യങ്ങളെക്കുറിച്ചു മാത്രമേ എഴുതുകയുള്ളൂ, അതിൽ നിന്നൊഴിഞ്ഞ് വിശ്രമം കിട്ടുമ്പോഴേ പൊതു സാഹിത്യപരിശ്രമമുള്ളൂ' എന്നായിരുന്നു സി.വിയുടെ പ്രഖ്യാപനം. 'കേരളകൗമുദി'യെ ഈഴവ സമുദായ സമുന്നതിക്കു വേണ്ടി മാത്രമല്ല അദ്ദേഹം ഉപയോഗപ്പെടുത്തിയത്. അടിച്ചമർത്തപ്പെട്ട അവർണ സമുദായത്തിന്റെ അവകാശങ്ങൾ ഓരോന്നായി നേടിയെടുക്കുന്നതിനും 'കേരളകൗമുദി' മുന്നണിയിൽ നിലയുറപ്പിച്ചു. എതി‌ർക്കാനാകാത്ത യുക്തിയും മുഴക്കമുള്ള ഭാഷയും അതിന് സി.വി ആയുധമാക്കി.

'ഈഴവരുടെ എല്ലാ സമുദായ പരിഷ്കാരങ്ങളിലും സി.വിയുടെ മൂർച്ചയേറിയ പേനയുടെ സംഭാവന അദ്യം മുതൽക്കേ ഉണ്ടായിരുന്നു' എന്ന സഹോദരൻ അയ്യപ്പന്റെ അഭിപ്രായം അതിശയോക്തി കലർന്നതല്ല. ടി.കെ. മാധവന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന 'ദേശാഭിമാനി'യിൽ ക്ഷേത്രപ്രവേശനം സംബന്ധിച്ച് സി.വി എഴുതിയ മുഖപ്രസംഗം വലിയ കോളിളക്കമുണ്ടാക്കി. 'തൊഴുംതോറും തൊഴിക്കുകയും, തൊഴിക്കുന്തോറും തൊഴുകയും രണ്ടും ഒരുമിച്ചു വേണ്ട' എന്ന് ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗം അഴിച്ചുവിട്ടത് ഒരു കൊടുങ്കാറ്റിനെയാണ്. ആ സി.വി പ്രയോഗം മലയാളത്തിൽ എക്കാലവും നിലനിൽക്കുന്ന ശൈലീപ്രയോഗമായി മാറുകയും ചെയ്തു.

'അഭിപ്രായം ഇരുമ്പുലക്കയല്ല' എന്ന പ്രയോഗത്തിന്റെ പേരിൽ വലിയ തെറ്റിദ്ധാരണകൾക്കു വിധേയനായിട്ടുണ്ട്, സി.വി. ആ തുറന്നുപറച്ചിലിന്റെ ആന്തരാർത്ഥം പിന്നീട് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. രാഷ്ട്രീയത്തിലായാലും സാമൂഹ്യകാര്യങ്ങളിലായാലും ഒരു നേതാവിനെയും നിതാന്തമായി പിന്തുണയ്ക്കുന്നതായിരുന്നില്ല സി.വിയുടെ ശീലം. പിന്തുണ വിഷയാധിഷ്ഠിതമാണ്. സമൂഹത്തിനോ സമുദായത്തിനോ ദോഷകരമായി ഭവിക്കുമെന്ന് ബോദ്ധ്യമുള്ള എന്തിനെയും ആരെയും നിശിതമായി വിമർശിക്കുന്നതിനും തെറ്റ് ചൂണ്ടിക്കാട്ടുന്നതിനും നേരത്തേ നൽകിയ പിന്തുണ സി.വിക്ക് തടസമായില്ല. അത് അവസരവാദമല്ല. സാഹചര്യങ്ങൾ അടിസ്ഥാനമാക്കി തിരുത്തപ്പെടേണ്ടതു തന്നെയാണ് നിലപാടുകളെന്ന ആ ധീരപ്രസ്താവത്തിലെ ആർജ്ജവം നൂറ്റിപ്പത്ത് വർഷങ്ങൾക്കു ശേഷവും, നാല് തലമുറകൾക്കു ശേഷവും കേരളകൗമുദി കാത്തുസൂക്ഷിക്കുന്നു.

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ അഭിമുഖ സംഭാഷണം എന്ന രീതി അവതരിപ്പിച്ചത് സി.വി. കുഞ്ഞുരാമനാണ് എന്നു പറയാം. ശ്രീനാരായണ ഗുരുവുമായി അദ്ദേഹം നടത്തിയ സംഭാഷണം പ്രസിദ്ധമാണ്. സംഭാഷണം എന്നല്ല, സംവാദം എന്ന വാക്കാണ് അതിന് സി.വി ഉപയോഗിച്ചത്. ഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സന്ദേശത്തിന്റെ പൊരുൾ തെരയുകയാണ് സി.വിയിലെ പത്രപ്രവർത്തകൻ. ഗുരുസന്ദേശത്തിലെ, ഒരു മതം എന്നത് എങ്ങനെ ശരിയാകുമെന്ന ചോദ്യത്തിന് ഗുരു നൽകിയ മറുപടി വിശദമായിത്തന്നെ പ്രസിദ്ധീകരിക്കാൻ ആ പത്രാധിപ പ്രതിഭ തയ്യാറായതിന്റെ ഏറ്റവും വലിയ പ്രയോജനം, ഏറെ തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്ന ഗുരുസന്ദേശം അർത്ഥശങ്ക കൂടാതെ ജനങ്ങളിലെത്തിക്കുവാൻ കഴിഞ്ഞതാണ്. സി.വിയുടെ അചഞ്ചലമായ ഗുരുഭക്തിയും ഗുരുദർശനത്തിലുള്ള ഉറച്ച വിശ്വാസവുമാണ് അതിനു പിന്നിൽ.

പത്രസ്ഥാപകൻ, പത്രപ്രവർത്തകൻ, നവോത്ഥാന നായകൻ, അഭിഭാഷകൻ, സാഹിത്യകാരൻ, സമുദായ സംഘടനാ നേതാവ് തുടങ്ങി വ്യാപരിച്ച മേഖലകളിലെല്ലാം കാലത്തിനു മായ്ക്കാനാകാത്ത പാദമുദ്രകളെഴുതിയ സി.വി. കുഞ്ഞുരാമന്റെ 150-ാം ജന്മവാർഷികമെത്തുമ്പോൾ കേരളീയ സമൂഹം ചരിത്രത്തിലെ വലിയ ദൂരങ്ങൾ പിന്നിട്ടിരിക്കുന്നു. ജാതിചിന്തയുടെയും ജാതീയമായ മാറ്റിനിറുത്തലുകളുടെയും പുതിയ രൂപങ്ങൾ രാഷ്ട്രീയ, ഉദ്യോഗ മണ്ഡലങ്ങളിൽ ഉൾപ്പെടെ എല്ലാ സാമൂഹ്യ മേഖലകളിലും അവതരിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് ഖേദകരം. സി.വി തുടങ്ങിവയ്ക്കുകയും സ്ഥാപക പത്രാധിപർ കെ. സുകുമാരൻ തുടർച്ച നൽകുകയും ചെയ്ത സാമൂഹ്യ നീതിയുടെ പോരാട്ടമാണ് 'കേരളകൗമുദി'ക്ക് ഓരോ ദിവസത്തെയും പത്രം. സി.വി. കുഞ്ഞുരാമൻ എന്ന ഗുരുശ്രേഷ്ഠൻ വരച്ചുകാട്ടിയ ദീർഘപാതയിലൂടെ ധീരസഞ്ചാരം തുടരുമ്പോൾ പ്രിയപ്പെട്ട വായനക്കാർക്കു മുന്നിൽ ഞങ്ങൾ ആദരപൂർവം, അഭിമാനപൂർവം പുനഃസമർപ്പണം ചെയ്യുന്നു.

ദീപു രവി

ചീഫ് എഡിറ്റർ