
മനുസ്മൃതിയുടെയും ചാതുർവർണ്യത്തിന്റെയും അധികാരഘടനയ്ക്കു കീഴിൽ സവർണ മേധാവിത്വം നാടുവാണ കാലം ചരിത്രത്തിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. ജാതിശ്രേണിയുടെ താഴെത്തട്ടിലുള്ളവർക്ക് സാമൂഹിക ജീവിതത്തിന്റെ പര്യമ്പുറങ്ങളിൽപ്പോലും പ്രവേശനമുണ്ടായിരുന്നില്ല. ജാതിയും ജാതിക്കുള്ളിൽ ജാതികളും എന്ന നിലയ്ക്കായിരുന്നു അന്നത്തെ സാമൂഹികാവസ്ഥ. ആ കാലത്തെ നോക്കിയാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്.
ഹൃദയത്തിനു മേൽ മഹത്വത്തിന്റെ സുവർണ മുദ്രയുള്ള ഒരാൾ കാലത്തിൽ പ്രവേശിക്കുമ്പോൾ ചരിത്രത്തിനു വഴിത്തിരിവുണ്ടാകുന്നു. പത്തയ്യായിരം വർഷത്തെ പാരമ്പര്യത്തെക്കുറിച്ച് ഉൗറ്റംകൊള്ളുന്ന ഒരു സംസ്കാരത്തിനു നേരെ സാഹോദര്യത്തിന്റെ വേദാന്തം ഉയർത്തിക്കൊണ്ട് ശ്രീനാരായണഗുരു ചരിത്രത്തിൽ കാലെടുത്തു വച്ചപ്പോൾ പഴഞ്ചൻ പാരമ്പര്യങ്ങളുടെ കുംഭഗോപുരങ്ങൾ വിറകൊണ്ടു. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വിഭജിക്കുകയും വേർതിരിക്കുകയും അവർക്കിടയിൽ അടിയാളന് അകലം നിർണയിക്കുകയും ചെയ്തിരുന്നു.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇരുണ്ട കാലത്തെയും സമൂഹത്തെയും ഗുരു തന്റെ കർമ്മയോഗം കൊണ്ട് നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു.
പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. 'നരന് നരൻ അശുദ്ധ വസ്തു'വായിരുന്ന ആ കാലത്തെ പുതുക്കിപ്പണിയുന്നതിന് മാനവികതയുടെ ഒരു തലമുറ കേരളത്തിൽ ഉയർന്നുവന്നു. അവരിൽ ചിലരെ ചരിത്രം നന്ദിപൂർവം ഓർക്കുന്നു. കുമാരനാശാൻ, കെ. അയ്യപ്പൻ തുടങ്ങിയവർ ഗുരുവിന്റെ ഒപ്പം നിന്നു. അവരിൽ ഒരാളാണ് സി.വി. കുഞ്ഞുരാമൻ എന്ന് ഇപ്പോൾ കാലവും ചരിത്രവും നന്ദിപൂർവം ഓർക്കുന്നു.
പൊതുനിരത്തുകളിൽ നടക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ വിദ്യാലയത്തിൽ കയറാനോ ക്ഷേത്രത്തിൽ കയറി ആരാധന നടത്താനോ സ്വാതന്ത്ര്യമില്ലാതിരുന്ന സമൂഹത്തെ അടിമകളെക്കാൾ കഷ്ടമായാണ് മേൽജാതിക്കാരും നാടുവാഴികളും കരുതിയിരുന്നത്. ചേർത്തലയിലെ മുലച്ചിപ്പറമ്പും തിരുനക്കരയിലെ പറച്ചിക്കല്ലും വൈക്കത്തെ ദളവാക്കുളവുമൊക്കെ ഓർമ്മിപ്പിക്കുന്ന മനുഷ്യവിരുദ്ധമായ വ്യവസ്ഥിതിക്കെതിരെ ഉയർന്നുവന്ന കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ കൊട്ടാരംനിരങ്ങികളായ ചരിത്രകാരന്മാർ മറന്നുപോയി. ആ ഇരുണ്ട കാലത്തിനെതിരെയായിരുന്നു സി.വി. കുഞ്ഞുരാമന്റെ ധർമ്മയുദ്ധം. ക്ഷേത്രപ്രവേശനത്തിനു വേണ്ടി സി.വി. കുഞ്ഞുരാമൻ നയിച്ച ബൗദ്ധിക സമരം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഓർമ്മയാണ്.
ഇതിപ്പോൾ സി.വി.യുടെ 150-ാം ജന്മവാർഷിക കാലമാണ്. അദ്ധ്യാപകൻ, നിയമജ്ഞൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ തുടങ്ങി കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ സി.വിക്കുണ്ടായിരുന്ന നേതൃത്വം ഭാവിതലമുറകളെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. 1911ൽ മയ്യനാട്ടു നിന്ന് കേരളകൗമുദി ആരംഭിക്കുമ്പോൾ ഒരു സമൂഹത്തെയും കാലത്തെ പൊതുവിലും അവകാശബോധംകൊണ്ട് പ്രബുദ്ധരാക്കി. മാറിവരുന്ന കാലത്തിന്റെ തൃഷ്ണകളും സ്വപ്നങ്ങളും ഉത്കണ്ഠകളും കൊണ്ട് അദ്ദേഹം വായനക്കാരുടെ ഹൃദയം കവർന്നു. നിശിതമായ പരിഹാസവും വിമർശനവുംകൊണ്ട് സി.വിയുടെ ഭാഷ വായനക്കാരെ ആകർഷിച്ചു.
ഏതു കാര്യത്തിലും സി.വിക്ക് സ്വതന്ത്രമായ നിലപാടും കാഴ്ചപ്പാടുമുണ്ടായിരുന്നു. അതൊന്നും തന്റെ വ്യക്തിപരമായ ലാഭനഷ്ടങ്ങളെ മുൻനിറുത്തിയായിരുന്നില്ല, സമൂഹത്തിന് എക്കാലത്തും സ്വതന്ത്രമായ നിലപാടും ചിന്തയുമുണ്ടായിരിക്കണമെന്ന നിഷ്കർഷ കൊണ്ടാണ്. മൂല്യബോധത്തിൽ ഒരു വിട്ടുവീഴ്ചയും കൂടാതെ എക്കാലത്തും സത്യം പറയാനുള്ള ധീരത അദ്ദേഹം തന്റെ വ്യക്തിജീവിതംകൊണ്ട് സാക്ഷാത്കരിച്ചു. കാറ്റിനുകാറ്റിന് ചാഞ്ഞുകൊടുക്കുന്ന വേലിച്ചെടിയല്ല കൊടുങ്കാറ്റിനു നേരെ കൊമ്പുകളും ഇലകളുമനങ്ങാതെ നില്ക്കുന്ന ഒരു വൻ വൃക്ഷത്തെ സി.വി. എന്നും ഓർമ്മിപ്പിച്ചു.
വരും തലമുറകൾക്ക് ഒരാചാര്യന്റെ അടുത്തെന്നപോലെ ചെന്നുനില്ക്കാൻ സി.വി. കുഞ്ഞുരാമൻ എന്ന മഹാപ്രതിഭ ചരിത്രത്തിൽ ഒറ്റപ്പെട്ടുനില്ക്കുന്നു. സ്വന്തം ശക്തിയിലുള്ള വിശ്വാസംകൊണ്ടാണ് ഒരാൾ ഒറ്റപ്പെട്ടുനില്ക്കുന്നതെന്ന് മനസിലാക്കാൻ ഇനി എത്രകാലമെടുക്കും? സമാനതകളില്ലാത്ത മഹാപ്രതിഭയുടെ ഓർമ്മയ്കു മുന്നിൽ വിനയപൂർവം ശിരസുനമിക്കുന്നു. നിഷേധിയാകാൻ പഠിപ്പിച്ചയാൾക്ക് വേറെന്ത് ഗുരുദക്ഷിണ?