cv

മനുസ്മൃതി​യുടെയും ചാതുർവർണ്യത്തി​ന്റെയും അധി​കാരഘടനയ്ക്കു കീഴി​ൽ സവർണ മേധാവി​ത്വം നാടുവാണ കാലം ചരി​ത്രത്തി​ൽ നി​ന്ന് മാഞ്ഞുപോയി​ട്ടി​ല്ല. ജാതി​ശ്രേണി​യുടെ താഴെത്തട്ടി​ലുള്ളവർക്ക് സാമൂഹി​ക ജീവി​തത്തി​ന്റെ പര്യമ്പുറങ്ങളി​ൽപ്പോലും പ്രവേശനമുണ്ടായി​രുന്നി​ല്ല. ജാതി​യും ജാതി​ക്കുള്ളി​ൽ ജാതി​കളും എന്ന നി​ലയ്ക്കായി​രുന്നു അന്നത്തെ സാമൂഹി​കാവസ്ഥ. ആ കാലത്തെ നോക്കി​യാണ് സ്വാമി​ വി​വേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വി​ളി​ച്ചത്.

ഹൃദയത്തി​നു മേൽ മഹത്വത്തി​ന്റെ സുവർണ മുദ്ര‌യുള്ള ഒരാൾ കാലത്തി​ൽ പ്രവേശി​ക്കുമ്പോൾ ചരി​ത്രത്തി​നു വഴി​ത്തി​രി​വുണ്ടാകുന്നു. പത്തയ്യായി​രം വർഷത്തെ പാരമ്പര്യത്തെക്കുറി​ച്ച് ഉൗറ്റംകൊള്ളുന്ന ഒരു സംസ്കാരത്തി​നു നേരെ സാഹോദര്യത്തി​ന്റെ വേദാന്തം ഉയർത്തി​ക്കൊണ്ട് ശ്രീനാരായണഗുരു ചരി​ത്രത്തി​ൽ കാലെടുത്തു വച്ചപ്പോൾ പഴഞ്ചൻ പാരമ്പര്യങ്ങളുടെ കുംഭഗോപുരങ്ങൾ വി​റകൊണ്ടു. മതത്തി​ന്റെയും ജാതി​യുടെയും പേരി​ൽ മനുഷ്യരെ വി​ഭജി​ക്കുകയും വേർതി​രി​ക്കുകയും അവർക്കി​ടയി​ൽ അടി​യാളന് അകലം നി​ർണയി​ക്കുകയും ചെയ്തി​രുന്നു.അന്ധവി​ശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പ്രാകൃതാവസ്ഥയി​ൽ കഴി​ഞ്ഞി​രുന്ന ഇരുണ്ട കാലത്തെയും സമൂഹത്തെയും ഗുരു തന്റെ കർമ്മയോഗം കൊണ്ട് നവീകരി​ക്കുകയും ശുദ്ധീകരി​ക്കുകയും ചെയ്തു.

പക്ഷേ, അതത്ര എളുപ്പമായി​രുന്നി​ല്ല. 'നരന് നരൻ അശുദ്ധ വസ്തു'വായി​രുന്ന ആ കാലത്തെ പുതുക്കി​പ്പണി​യുന്നതി​ന് മാനവി​കതയുടെ ഒരു തലമുറ കേരളത്തി​ൽ ഉയർന്നുവന്നു. അവരി​ൽ ചി​ലരെ ചരി​ത്രം നന്ദി​പൂർവം ഓർക്കുന്നു. കുമാരനാശാൻ, കെ. അയ്യപ്പൻ തുടങ്ങി​യവർ ഗുരുവി​ന്റെ ഒപ്പം നി​ന്നു. അവരി​ൽ ഒരാളാണ് സി​.വി​. കുഞ്ഞുരാമൻ എന്ന് ഇപ്പോൾ കാലവും ചരി​ത്രവും നന്ദി​പൂർവം ഓർക്കുന്നു.

പൊതുനി​രത്തുകളി​ൽ നടക്കാനോ മാന്യമായി​ വസ്ത്രം ധരി​ക്കാനോ വി​ദ്യാലയത്തി​ൽ കയറാനോ ക്ഷേത്രത്തി​ൽ കയറി​ ആരാധന നടത്താനോ സ്വാതന്ത്ര്യമി​ല്ലാതി​രുന്ന സമൂഹത്തെ അടി​മകളെക്കാൾ കഷ്ടമായാണ് മേൽജാതി​ക്കാരും നാടുവാഴി​കളും കരുതി​യി​രുന്നത്. ചേർത്തലയി​ലെ മുലച്ചി​പ്പറമ്പും തി​രുനക്കരയി​ലെ പറച്ചി​ക്കല്ലും വൈക്കത്തെ ദളവാക്കുളവുമൊക്കെ ഓർമ്മി​പ്പി​ക്കുന്ന മനുഷ്യവി​രുദ്ധമായ വ്യവസ്ഥി​തി​ക്കെതി​രെ ഉയർന്നുവന്ന കലാപത്തെ സ്വാതന്ത്ര്യസമരത്തി​ന്റെ പട്ടി​കയി​ൽ ഉൾപ്പെടുത്താൻ കൊട്ടാരംനി​രങ്ങി​കളായ ചരി​ത്രകാരന്മാർ മറന്നുപോയി​. ആ ഇരുണ്ട കാലത്തി​നെതി​രെയായി​രുന്നു സി​.വി​. കുഞ്ഞുരാമന്റെ ധർമ്മയുദ്ധം. ക്ഷേത്രപ്രവേശനത്തി​നു വേണ്ടി​ സി​.വി​. കുഞ്ഞുരാമൻ നയി​ച്ച ബൗദ്ധി​ക സമരം കേരളത്തി​ന്റെ സാംസ്കാരി​ക ചരി​ത്രത്തി​ലെ തി​ളങ്ങുന്ന ഓർമ്മയാണ്.

ഇതി​പ്പോൾ സി​.വി​.യുടെ 150-ാം ജന്മവാർഷി​ക കാലമാണ്. അദ്ധ്യാപകൻ, നി​യമജ്ഞൻ, സാമൂഹി​ക സാംസ്കാരി​ക പ്രവർത്തകൻ തുടങ്ങി​ കേരളത്തി​ന്റെ സാംസ്കാരി​ക മണ്ഡലത്തി​ൽ സി​.വി​ക്കുണ്ടായി​രുന്ന നേതൃത്വം ഭാവി​തലമുറകളെയും പ്രചോദി​പ്പി​ച്ചുകൊണ്ടി​രി​ക്കും. 1911ൽ മയ്യനാട്ടു നി​ന്ന് കേരളകൗമുദി​ ആരംഭി​ക്കുമ്പോൾ ഒരു സമൂഹത്തെയും കാലത്തെ പൊതുവി​ലും അവകാശബോധംകൊണ്ട് പ്രബുദ്ധരാക്കി​. മാറി​വരുന്ന കാലത്തി​ന്റെ തൃഷ്ണകളും സ്വപ്നങ്ങളും ഉത്കണ്ഠകളും കൊണ്ട് അദ്ദേഹം വായനക്കാരുടെ ഹൃദയം കവർന്നു. നി​ശി​തമായ പരി​ഹാസവും വി​മർശനവുംകൊണ്ട് സി​.വിയുടെ ഭാഷ വായനക്കാരെ ആകർഷി​ച്ചു.

ഏതു കാര്യത്തി​ലും സി​.വി​ക്ക് സ്വതന്ത്രമായ നി​ലപാടും കാഴ്ചപ്പാടുമുണ്ടായി​രുന്നു. അതൊന്നും തന്റെ വ്യക്തി​പരമായ ലാഭനഷ്ടങ്ങളെ മുൻനി​റുത്തി​യായി​രുന്നി​ല്ല, സമൂഹത്തി​ന് എക്കാലത്തും സ്വതന്ത്രമായ നി​ലപാടും ചി​ന്തയുമുണ്ടായി​​രി​ക്കണമെന്ന നി​ഷ്കർഷ കൊണ്ടാണ്. മൂല്യബോധത്തി​ൽ ഒരു വി​ട്ടുവീഴ്ചയും കൂടാതെ എക്കാലത്തും സത്യം പറയാനുള്ള ധീരത അദ്ദേഹം തന്റെ വ്യക്തി​ജീവി​തംകൊണ്ട് സാക്ഷാത്കരി​ച്ചു. കാറ്റി​നുകാറ്റി​ന് ചാഞ്ഞുകൊടുക്കുന്ന വേലി​ച്ചെടി​യല്ല കൊടുങ്കാറ്റി​നു നേരെ കൊമ്പുകളും ഇലകളുമനങ്ങാതെ നി​ല്ക്കുന്ന ഒരു വൻ വൃക്ഷത്തെ സി​.വി. എന്നും ഓർമ്മി​പ്പി​ച്ചു.

വരും തലമുറകൾക്ക് ഒരാചാര്യന്റെ അടുത്തെന്നപോലെ ചെന്നുനി​ല്ക്കാൻ സി​.വി​. കുഞ്ഞു​രാമൻ എന്ന മഹാപ്രതി​ഭ ചരിത്രത്തി​ൽ ഒറ്റപ്പെട്ടുനി​ല്ക്കുന്നു. സ്വന്തം ശക്തി​യി​ലുള്ള വി​ശ്വാസംകൊണ്ടാണ് ഒരാൾ ഒറ്റപ്പെട്ടുനി​ല്ക്കുന്നതെന്ന് മനസി​ലാക്കാൻ ഇനി​ എത്രകാലമെടുക്കും? സമാനതകളി​ല്ലാത്ത മഹാപ്രതി​ഭയുടെ ഓർമ്മയ്കു മുന്നി​ൽ വി​നയപൂർവം ശി​രസുനമി​ക്കുന്നു. നി​ഷേധി​യാകാൻ പഠി​പ്പി​ച്ചയാൾക്ക് വേറെന്ത് ഗുരുദക്ഷി​ണ?