
തൃശൂർ : വനത്തിനുള്ളിൽ അതിക്രമിച്ചു കടന്ന് ചന്ദനമരം മോഷ്ടിച്ച കേസിൽ പ്രതിയായ വെള്ളിക്കുളങ്ങര സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ ഉത്തരവായി. 2020 നവംബർ 5 ന് കേസിനാസ്പദമായി സംഭവം നടന്നത്. 
സംഭവദിവസം രാത്രി ചായ്പൻകുഴി ഫോറസ്റ്റ് റേഞ്ചിലെ കരിക്കടവ് വനത്തിൽ പ്രതിയും മറ്റു രണ്ടു പേരും കൂടി അനധികൃതമായി പ്രവേശിച്ച് ചന്ദമനരം മുറിച്ച് കടത്തുകയായിരുന്നു. പട്രോൾ ഡ്യൂട്ടിക്കിടെ മോഷണം കണ്ടെത്തിയ വനപാലകരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് വനപാലകർ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും, സിദ്ദിഖ് അടക്കമുള്ള മറ്റ് പ്രതികൾ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രോസിക്യൂഷനായി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി ബാബു ഹാജരായി.