award

തിരുവനന്തപുരം: മൺ മറഞ്ഞ പത്ത് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേള ആദരമൊരുക്കും. മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളനാസ്, ഇർഫാൻ ഖാൻ, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റർജി, ഭാനു അത്തയ്യ, സച്ചി, അനിൽ നെടുമങ്ങാട്, ഋഷികപൂർ എന്നീ പ്രതിഭകളുടെ ചിത്രങ്ങളാണ് ആദര സൂചകമായി പ്രദർശിപ്പിക്കുന്നത്.

കിം കി ഡുക്കിന്റെ സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ് ,ഫെർണാണ്ടോ സോളനാസിന്റെ സുർ, മലയാളി സംവിധായകരായ സച്ചിയുടെ അയ്യപ്പനും കോശിയും,ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഛായാഗ്രാഹകൻ കെ രാമചന്ദ്രബാബുവിന്റെ അഗ്രഹാരത്തിൽ കഴുതൈ,​ ബംഗാളി നടനായ സൗമിത്ര ചാറ്റർജി അഭിനയിച്ച സത്യജിത്ത് റേയുടെ ചാരുലത,​ ഇർഫാൻ ഖാൻ അഭിനയിച്ച കിസ്സ, ഋഷി കപൂറിന്റെ അനുഭവ് സിൻഹ ചിത്രം മുൽക് വസ്ത്രാലങ്കാര പ്രതിഭ ഭാനു അത്തയ്യയുടെ നാഗരിക് എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.