
കൊല്ലം: കൊല്ലത്ത് ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും സജീവം. അടിപിടി അക്രമങ്ങളും മോഷണവും ഉൾപ്പടെ ക്വട്ടേഷൻ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിപുലമായിത്തുടങ്ങിയതിന് ഉദാഹരണമായ സംഭവങ്ങൾ പലതും ജില്ലയിൽ പലയിടത്തും റിപ്പോർട്ടായെങ്കിലും ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ പൊലീസ് നിഷ്ക്രിയമാണ്. പല അക്രമസംഭവങ്ങളുടെയും പിന്നാമ്പുറങ്ങളിലേയ്ക്ക് പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണ് ക്വട്ടേഷൻ വെളിപ്പെടുന്നത്. ഇത്തരം സംഘങ്ങളുടെ വിളയാട്ടം പതിവായിട്ടും പൊലീസ് ശക്തമായ നടപടിയിലേയ്ക്ക് ഇനിയും കടന്നിട്ടില്ല.
നിരവധി കേസുകളിൽ പ്രതികളായവർ
നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാക്കളാണ് പല ക്വട്ടേഷൻ സംഘങ്ങളുടെയും തലവന്മാർ. ഇവരിൽ പലരും സ്വന്തം പ്രശ്നങ്ങൾക്കാണ് ആദ്യഘട്ടങ്ങളിൽ അടിപിടി ഉണ്ടാക്കിയിട്ടുള്ളത്. ഇതിന് പുറമെ കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നവരുമാണ്. ലഹരിപദാർത്ഥങ്ങളുടെ വില്പന കൂടി തൊഴിലാക്കിയിട്ടുള്ള ഇവർക്കൊപ്പം കൂടുതൽ ചെറുപ്പക്കാരും ചേരും.
ഇവരെ കൂടി സംഘത്തിൽ ചേർത്താണ് തലവന്മാർ ക്വട്ടേഷനുകൾ ഏറ്റെടുക്കുന്നത്. ക്വട്ടേഷൻ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും പതിവായിട്ടുണ്ട്.
കാര്യമായി പരിക്കേറ്റാലും തിരിച്ചടിച്ച് തീർക്കാൻ തീരുമാനിക്കുന്നതിനാൽ പൊലീസിന് പല സംഭവങ്ങളിലും പരാതി ലഭിക്കുന്നില്ല. സംഘർഷങ്ങളെ കുറിച്ച് വിവരം ലഭിച്ചാലും പരാതിയില്ലാത്തതിനാൽ പൊലീസ് പിന്നാലെ പോയി ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാറുമില്ല.
രാഷ്ട്രീയ പാർട്ടികളുടെ പിൻബലം
പലക്വട്ടേഷൻ സംഘങ്ങൾക്കും രാഷ്ട്രീയ പാർട്ടികളുടെ പിൻബലമുണ്ട്. കൊല്ലം ജില്ലയുടെ വടക്കേ അതിർത്തിയിലുള്ള ഒരു പൊലീസ് സ്റ്റേഷനിൽ സ്റ്റേഷന്റെ നാലുഭാഗത്തും ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടവും അക്രമങ്ങളും പതിവായിട്ട് നാളേറെയായി. ഇതിൽ നിരവധി ആക്രമണങ്ങളിൽ ഉൾപ്പെട്ട ഒരു യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിടുകയും കാപ്പ നടപ്പാക്കിയതിന്റെ പട്ടിക മാസം തോറും ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെടുകയും ചെയ്തിട്ടും ചെയ്തു. അറസ്റ്റ് മാത്രം നടക്കുന്നില്ല. തന്നെ പൊലീസ് അറസ്റ്റ് ചെയ്യില്ലെന്ന് പ്രതിക്കും ഉറപ്പായതോടെ അക്രമങ്ങളും കൊലവിളിയുമായി അയാൾ നാട്ടുകാർക്ക് ഭീഷണിയായി തുടരുകയുമാണ്.
കാപ്പ പ്രതി സ്റ്റേഷനിൽഎത്തിയിട്ടും
കാപ്പ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സ്റ്റേഷനിലാകെ ചർച്ചയായിരിക്കെയാണ് ഒരുദിവസം മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെ വാഹനം വിട്ടുകിട്ടാൻ കാപ്പപ്രതി നേരിട്ട് സ്റ്റേഷനിലെത്തിയത്.
തേടിയവള്ളി കാലിൽ ചുറ്റിയതിന്റെ ആഹ്ളാദത്തിൽ പൊലീസുകാർ ഉടൻ ഓഫീസറെ കണ്ട് വന്നിരിക്കുന്നത് അറസ്റ്റ് ചെയ്യേണ്ട കാപ്പ പ്രതിയാണെന്ന് അറിയിച്ചെങ്കിലും പ്രതിയുടെ സാന്നിദ്ധ്യത്തിൽ വിവരം അറിയിച്ച പൊലീസുകാരെ ആക്ഷേപിക്കാനായിരുന്നു സി.ഐയ്ക്ക് താൽപ്പര്യം.
അയ്യായിരം മുതൽ ലക്ഷങ്ങൾവരെയാണ് ക്വട്ടേഷൻ സംഘങ്ങൾ പ്രതിഫലമായി കൈപ്പറ്റുന്നത്. കുടുംബ ഓഹരി വിഷയങ്ങളിലുൾപ്പടെ ക്വട്ടേഷൻ നൽകിയ സംഭവങ്ങളും അടുത്തിടെയുണ്ടായി. ജനുവരിയിൽ കുന്നിക്കോട് പൊലീസിന് നേർക്ക് ഉണ്ടായ ആക്രമണത്തിന് പിന്നിലും ക്വട്ടേഷൻ ടീമായിരുന്നുവെന്ന് പിന്നീട് മനസിലാക്കി. ചെറുതും വലുതുമായ ഒട്ടേറെ കേസുകൾ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷെ, അതിന് പിന്നാലെ ഗൗരവത്തോടെ അന്വേഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
അമ്മായിഅമ്മയുടെ ക്വട്ടേഷൻ
മരുമകനെ കൈകാര്യം ചെയ്യാൻ അമ്മായിഅമ്മ ക്വട്ടേഷൻ നൽകിയ സംഭവം അടുത്തിടെയാണ് പുറത്ത് വന്നത്. ഡിസംബർ 23ന് എഴുകോണിലായിരുന്നു സംഭവം.
മരുമകൻ ജോലിക്ക് പോകാതെ കറങ്ങിനടക്കുന്നതിന്റെ വൈരാഗ്യത്തിലാണ് അമ്മായിഅമ്മ ക്വട്ടേഷൻ നൽകിയത്. മങ്ങാട് സ്വദേശിയാണ് ക്വട്ടേഷൻ ഏറ്റെടുത്തത്.
പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അമ്മായിഅമ്മയുടെ പങ്ക് പുറത്തായത്.
പൂയപ്പള്ളിയിൽ ഏഴംഗ ക്വട്ടേഷൻ സംഘം
ഒക്ടോബറിൽ ഏഴംഗ ക്വട്ടേഷൻ സംഘം പൂയപ്പള്ളിയിൽ ഗൃഹനാഥനെ വീടുകയറി ആക്രമിച്ചിരുന്നു. ആക്രമണത്തിന് ഇരയായ ഗൃഹനാഥൻ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് പ്രദേശവാസിയായ മറ്റൊരു മദ്ധ്യവയസ്കനെ പൂയപ്പള്ളിയിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ വെട്ടേറ്റയാൾ ഗുണ്ടാസംഘത്തെ ഇറക്കുകയായിരുന്നു.
പട്ടത്താനത്ത് വീടുകയറി ആക്രമണം
പട്ടത്താനത്ത് കഴിഞ്ഞമാസം 27ന് രണ്ടംഗസംഘം വീടുകയറി ആക്രമണം നടത്തി. സി.സി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ.
തർക്കവുമായി ബന്ധമില്ലാത്തവരാണ് ആക്രമണം നടത്തിയത്. ഇതാണ് ക്വട്ടേഷനാണെന്ന സംശയം ഉയർത്തുന്നത്. പ്രതികൾ ഇതുവരെ പിടിയിലായിട്ടില്ല.
ആറ് മാസത്തിനിടയിൽ 9 പേർക്ക് കാപ്പ
കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന ഒൻപത് പേർക്ക് കാപ്പ ചുമത്തി.
ഇതിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. ആറുമാസത്തിനിടയിൽ 22 പേർക്ക് കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കമ്മിഷണർ സമർപ്പിച്ചു. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഉടൻ ലഭിച്ചേക്കും. ആറുമാസമാണ് കാപ്പ പ്രകാരം ജയിലിലടയ്ക്കുന്നത്.
ഇവർ പുറത്തിറങ്ങി വീണ്ടും അക്രമസംഭവങ്ങളിൽ പങ്കാളിയാകുന്നതാണ് പതിവ്. നഗരത്തിലെ പ്രമുഖ ഗുണ്ടയെ നാല് വർഷത്തിനിടയിൽ മൂന്ന് തവണ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുണ്ട്.