
പാലക്കാട്: ആറുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അമ്മ റിമാൻഡിൽ.ഷഹീദയെ കൊവിഡ് മാനദണ്ഡം പരിഗണിച്ച് കണ്ണൂരിലെ ജയിലിലേക്കാണ് മാറ്റിയത്.പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ ഇളയമകൻ ആമിൽ ഇഹ്സാനെയാണ് ഞായറാഴ്ച പുലർച്ചെ അമ്മ ഷഹീദ കൊലപ്പെടുത്തിയത്. ചിറ്റൂർ സി.ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പൂളക്കാട്ടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയെ കൊല്ലുന്നസമയത്ത് ധരിച്ചിരുന്ന ചോരക്കരയുള്ള വസ്ത്രം, കത്തിയിലെ ചോര തുടച്ച തുണി, കുട്ടിയുടെ കൈകാലുകൾ കെട്ടാൻ ഉപയോഗിച്ച കയറിന്റെ ബാക്കിഭാഗം തുടങ്ങിയവ തെളിവായി ശേഖരിച്ചതായാണ് സൂചന.ദൈവപ്രീതിക്കായി കുട്ടിയെ ബലികൊടുക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വീട്ടിലെത്തിയ പൊലീസിനോടും ഷഹീദ സമാനരീതിയിലാണ് മൊഴി നൽകിയത്. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും ഷഹീദക്ക് ഏതെങ്കിലും തീവ്രനിലപാടുള്ള സംഘടനകളുമായോ അതിന്റെ പ്രവർത്തകരുമായോ ബന്ധമുണ്ടോയെന്നും അന്വേഷിക്കാൻ സാധ്യതയുണ്ട്.