
തിരുവനന്തപുരം: പഞ്ചായത്തുകൾതോറും 'എന്റെ കട" എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ വാഗ്ദാനം ചെയ്ത് മുപ്പത്തിയഞ്ചുപേരിൽ നിന്ന് മുപ്പതു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറിനെ (46) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സംഘത്തിലെ മറ്റു പ്രതികളായ സാബുകുമാർ, കിഷോർ കുമാർ, സഹർഷ്, അശോക് കുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന മനോജ് കുമാറിനെ തേടി പൊലീസ് എത്തിയെങ്കിലും പ്രതി കടന്നുകളഞ്ഞു. ആര്യനാട് നിന്നാണ് പിടികൂടിയത്.
ഒരു കടയ്ക്കായി 10 മുതൽ 35 ലക്ഷംവരെ ഇവർ തട്ടിയെടുത്തിരുന്നു.
1000 കടകൾ തുടങ്ങുമെന്നാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. 500 മുതൽ 2000 ചതുരശ്ര അടിവരെ വിസ്തീർണമുള്ള കടകളിൽ സൂപ്പർ മാർക്കറ്റ് അനുവദിക്കുന്നതിനാണ് പണം കൈപ്പറ്റിയത്.
2015ലാണ് പദ്ധതിയുമായി പ്രതികൾ രംഗത്തെത്തിയത്. കട വാടകയും വിറ്റുവരവിന്റെ അഞ്ച് ശതമാനം കമ്മിഷനും നൽകുമെന്നായിരുന്നു വാഗ്ദാനം. ഏതാനും പേർക്കു മാത്രമാണ് സാധനങ്ങൾ എത്തിച്ചത്. 2015 നവംബർ ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിശ്വസിപ്പിച്ചത്. 2016ൽ പണം നൽകിയവർ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നൽകി.
ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 4 എസ്.പി ദേവമനോഹർ, ഡിവൈ.എസ്.പി വി.റോയ്, എസ്. ഐമാരായ നിസാറുദ്ദീൻ, പ്രസന്നകുമാരൻ നായർ, എ എസ്.ഐ മനോജ്, എസ്.സി.പി.ഒ ലിനു, സി.പി.ഒ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. ആറ്റിങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.