
പുനലൂർ: മദ്ധ്യവയസ്കന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യാചകൻ മരിച്ചു. പുനലൂർ - അഞ്ചൽ മലയോര ഹൈവേയിൽ പുനലൂർ വെട്ടിപ്പുഴ പാലത്തിന് കീഴിലുള്ള തോടിന്റെ കരയിൽ ഷെഡു കെട്ടി താമസിച്ചിരുന്ന കടയ്ക്കൽ ചിങ്ങേലി സ്വദേശി സുധാകരനാണ് (63) തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽചികിത്സയിലിരിക്കേ ഇന്നലെ രാവിലെ മരിച്ചത്. സമീപവാസിയായ ബാബു (58) 300 രൂപയും മൊബൈൽ ഫോണും കവരാനായാണ് യാചകനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം എട്ടിനാണ് സംഭവം. ബാബുവിനെ പുനലൂർ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. എസ്.ഐ മിഥുന്റെ നേതൃത്വത്തിലുളള പൊലീസാണ് 12ന് ബാബുവിനെ പിടികൂടിയത്. വയറ്റത്തും മറ്റ് ശരീര ഭാഗങ്ങളിലും ചവിട്ടേറ്റ യാചകൻ മരിച്ചതോടെ, പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കുമെന്ന് എസ്.ഐ അറിയിച്ചു.