
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനും വാർഡുകളിലെ ദ്രവീകൃത ഓക്സിജൻ വിതരണം സുഗമമാക്കുന്നതിനുമായി പുതിയ ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു. 20 കിലോലിറ്റർ സംഭരണശേഷിയുള്ള പുതിയ ടാങ്കാണ് സ്ഥാപിച്ചത്.നിലവിൽ രണ്ടു ടാങ്കുകളിലായി 20 കിലോലിറ്റർ ഓക്സിജൻ ശേഖരിക്കുന്നുണ്ട്. പുതിയ ടാങ്ക് കൂടി സ്ഥാപിച്ചതോടെ 40 കിലോലിറ്റർ ദ്രവീകൃത ഓക്സിജൻ കൂടുതൽ ശേഖരിക്കാനാവും.നിലവിൽ മൂന്നുദിവസം കൂടുമ്പോൾ ലോഡ് എത്തിക്കേണ്ട സാഹചര്യമായിരുന്നു. എന്നാൽ സംഭരണശേഷി വർദ്ധിച്ചതോടെ ഇനിമുതൽ ആഴ്ചയിൽ ഒരിക്കൽ ഓക്സിജൻ എത്തിച്ചാൽ മതിയാകും. ഇതോടൊപ്പം വാർഡുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനുള്ള പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ആകെ 450 വാർഡ് കിടക്കകളിൽ പൈപ്പിലൂടെ ഓക്സിജൻ എത്തിക്കാനാവും. നിലവിൽ 260ൽ അധികം ഐ.സി.യു കിടക്കകളിൽ ഓക്സിജൻ പൈപ്പിലൂടെ നൽകുന്നുണ്ട്.