
തിരുവനന്തപുരം: അംഗപരിമിതന് കെ.എസ്.ആർ.ടി.സി അനുവദിച്ച യാത്രാപാസ് കീറിക്കളഞ്ഞ ഉദ്യാഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി കോർപ്പറേഷൻ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
പള്ളിക്കൽ സ്വദേശി സുകുമാരന് (75) അനുവദിച്ച യാത്രാ പാസാണ് 2018 ആഗസ്റ്റ് 3 ന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഓഫീസിലെ തപാൽ ക്ലർക്ക് കീറിക്കളഞ്ഞത്. പട്ടികജാതിക്കാരനായ തന്നോട് ഉദ്യോഗസ്ഥൻ പരുഷമായി സംസാരിച്ചതായും പരാതിയിൽ പറയുന്നു.
കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറോട് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ജീവനക്കാരനെതിരെ നടപടിയെടുത്തതായി പറയുന്നത്. ജീവനക്കാരന്റെ ഭാഗത്ത് ക്യത്യ നിർവഹണത്തിൽ വീഴ്ചയുണ്ടായതായി കണ്ടത്തി. ജീവനക്കാരന് കുറ്റപത്രം നൽകി അച്ചടക്ക നടപടികൾ തുടങ്ങിയിട്ടുണ്ട്.
2013 ലാണ് പരാതിക്കാരന് പാസ് അനുവദിച്ചതെന്നും അത് പുതുക്കി കിട്ടാൻ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണമെന്നും എം.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.