pdpp

കൊച്ചി: എറണാകുളം അമ്പലമുകളിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക് അനുബന്ധമായി 6,000 കോടി രൂപ ചെലവിൽ ഒരുക്കുന്ന പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രൊജക്‌ട് (പി.ഡി.പി.പി) 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. നിഷ് പെട്രോകെമിക്കലുകൾ ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എൽ. നിലവിൽ, നിഷ് പെട്രോകെമിക്കലുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വർഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. പി.ഡി.പി.പി കമ്മിഷൻ ചെയ്യുന്നതോടെ, ഈ ചെലവ് ലാഭിക്കാം.

അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്‌സോ ആൽക്കഹോൾസ് എന്നിവയാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്. മൂന്ന് യൂണിറ്റുകളാണ് പി.ഡി.പി.പിയിലുള്ളത്. ഇതിൽ പ്രതിവർഷം 160 കിലോടൺ ശേഷിയുള്ള അക്രിലിക് ആസിഡ് യൂണിറ്റ് ലോകത്തെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെയുമാണ്. 212 കിലോടൺ ശേഷിയുള്ള ഓക്‌സോ ആൽക്കഹോൾ യൂണിറ്റ്, 190 കിലോടൺ ശേഷിയുള്ള അക്രിലെറ്റ്‌സ് യൂണിറ്റ് എന്നിവയാണ് മറ്റു യൂണിറ്റുകൾ. ഓക്‌സോ ആൽക്കഹോൾ യൂണിറ്റ് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തേതുമാണ്.

ഐ.ആർ.ഇ.പിയും

പി.ഡി.പി.പിയും

അമ്പലമുകളിൽ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആർ‌.ഇ.പി) 2019 ജനുവരിയിൽ പ്രധാനമന്ത്രി മോദി നാടിന് സമർപ്പിച്ചിരുന്നു. റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആർ.ഇ.പിയുടെ നിർമ്മാണഘട്ടത്തിൽ 20,000 പേർക്കാണ് പരോക്ഷമായി തൊഴിൽ ലഭിച്ചത്.

പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുക്കളാണ് അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ് തുടങ്ങിയവ.

 ഐ.ആർ‌.ഇ.പിയിൽ നിന്നാണ് പി.ഡി.പി.പിക്കുള്ള അസംസ്കൃതവസ്‌തുവായ പ്രൊപ്പിലീൻ ലഭ്യമാക്കുന്നത്.

കേരളത്തിന് വൻ നേട്ടം

പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയരംഗത്തെ കമ്പനികളെ കൊച്ചിയിലേക്ക് ആകർഷിക്കാൻ പി.ഡി.പി.പി സഹായിക്കും. അനുബന്ധമായി കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്കിൽ ഈ കമ്പനികൾക്ക് പ്രവർത്തനപശ്ചാത്തലം ലഭ്യമാകും.

അന്താരാഷ്‌ട്ര ക്രൂസ്

ടെർമിനലും സജ്ജം

നിർമ്മാണം നേരത്തേ പൂർത്തിയായെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടനം നീണ്ട പദ്ധതിയാണ് കൊച്ചി തുറമുഖ ട്രസ്‌റ്റ് എറണാകുളം വാർഫിൽ പൂർത്തിയാക്കിയ പുതിയ അന്താരാഷ്‌ട്ര ക്രൂസ് ടെർമിനൽ. 25.72 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി 14ന് നിർവഹിക്കും.

നിലവിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിൽ 420 മീറ്രർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം. 12,500 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെർമിനസിൽ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്‌റ്രംസ് ക്ളിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്രി കൗണ്ടറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും.

കസ്‌റ്റംസ് ക്ളിയറിംഗും സഞ്ചാരികളുടെ മറ്റ് കടലാസ് നടപടികളുമെല്ലാം ഒരു കുടക്കീഴിൽ തന്നെ പൂർത്തിയാക്കാമെന്നതും സവിശേഷതയാണ്.