
കൊച്ചി: മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ പേരിൽ മണി ചെയിൻ മാതൃകയിൽ സംസ്ഥാന വ്യാപക തട്ടിപ്പെന്ന് പരാതി. തൃശൂർ കേന്ദ്രമാക്കി, ഇവോ ഗ്ളോബൽ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവിധ ജില്ലകളിൽ നിക്ഷേപകരെ അംഗങ്ങളാക്കി വൻ സാമ്പത്തിക തട്ടിപ്പു നടത്തുന്നത്. 2011 ൽ തൃശൂരിൽത്തന്നെ ബിസയർ എന്ന പേരിൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനി നടത്തിയിരുന്നവരാണ് തട്ടിപ്പ് പിടിക്കപ്പെട്ടതിനെ തുടർന്ന് പുതിയ കമ്പനി രൂപീകരിച്ച് സമാന തട്ടിപ്പുമായി രംഗത്തു വന്നിരിക്കുന്നതെന്നാണ് പരാതി.
ബിസയറിന്റെ അണിയറയിലുണ്ടായിരുന്ന അനീഷ് മേനോൻ, ജയനാരായണൻ, പ്രശോഭ് ദാസ്, കൃഷ്ണ ദയാൽ, മനോജ് എം. ചെറിയാൻ, രതീഷ് ആനന്ദ് എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്ന് കബളിപ്പിക്കലിന് ഇരയായവർ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു. ഇവരുടെ വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ട് പണം നഷ്ടമായ കൊച്ചിയിലെ നിക്ഷേപകർ ഡി.സി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യുകയും ചെയ്തു.അതേസമയം, പൊലീസ് അന്വേഷണം തുടരുമ്പോഴും ഇവർ മറ്റു സ്ഥലങ്ങളിൽ തട്ടിപ്പ് തുടരുന്നതായി പരാതിക്കാർ പറയുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുകയും, ബിസിനസ് നഷ്ടത്തിൽ കലാശിക്കുകയും ചെയ്ത് സാമ്പത്തിക പ്രതിസന്ധിയിലായ ചെറുപ്പക്കാരെ ഉന്നംവച്ചാണ് പ്രധാനമായും തട്ടിപ്പ്. ചെറിയ തുകകളുടെ നിക്ഷേപത്തിൽ നിന്നു പോലും ചുരുങ്ങിയ സമയത്തിനകം വൻ ലാഭം നേടാമെന്ന് വ്യാജവാഗ്ദാനം നൽകി ആയിരക്കണക്കിനു പേരിൽ നിന്നായി സ്ഥാപനം കോടികൾ കൈക്കലാക്കിയതായാണ് ആക്ഷേപം. നിക്ഷേപ പദ്ധതിയിൽ പുതിയ അംഗങ്ങൾ ചേർക്കപ്പെടുന്നതിന് അനുസരിച്ച്, നേരത്തേ നിക്ഷേപം നടത്തിയവരുടെ അക്കൗണ്ടിലേക്ക് പണം വന്നുകൊണ്ടിരിക്കുമെന്നായിരുന്നു പ്രലോഭനം.
മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വൻ കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മുൻകൂർ പണം നൽകിയെങ്കിലും ഉത്പന്നമോ മുടക്കിയ തുകയോ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്. കൊവിഡ് മൂലം നേരിടേണ്ടിവന്ന സാമ്പത്തികപ്രതിസന്ധിയിൽ നിന്നും ദുരിതത്തിൽ നിന്നും പെട്ടെന്ന് കരകയറാമെന്നു മോഹിച്ച് കടംവാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയും തുക സ്വരൂപിച്ച് നിക്ഷേപം നടത്തിയവരാണ് തട്ടിപ്പിന് ഇരയായവരിൽ മിക്കവരും.
വൻ ഹോട്ടലുകളിലും മറ്റം സ്ഥാപനം സംഘടിപ്പിക്കുന്ന ഇൻസ്പിരേഷണൽ മീറ്റിംഗുകളിലൂടെയാണ് ഇരകളെ വലയിൽ വീഴ്‌ത്തുക. മീറ്റിംഗിൽ പങ്കെടുക്കുന്നവരെ വാക്ചാതുര്യംകൊണ്ട് കെണിയിൽ വീഴ്‌ത്തിക്കഴിഞ്ഞാൽ നിക്ഷേപ പദ്ധതി അവതരിപ്പിക്കും. തീരെച്ചെറിയ തുകകൾ അടച്ചുപോലും അംഗങ്ങളാകാമെന്നതുകൊണ്ട് പതിനായിരക്കണക്കിനു പേരാണ് വിവിധ സ്ഥലങ്ങളിലായി നിക്ഷേപം നടത്തിയത്. തട്ടിപ്പു സംഘത്തിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയും, നഷ്ടമായ പണം നിക്ഷേപകർക്ക് മടക്കിക്കിട്ടാൻ നടപടി സ്വീകരിക്കുകയും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.