
തിരുവനന്തപുരം: നന്ദാവനം എ.ആർ ക്യാമ്പിലെ ബാരക്കിൽ മദ്യപിക്കുന്നതിനിടെ, അസി.കമൻഡാന്റ് കൈയോടെ പിടികൂടിയ പൊലീസ് സംഘടനാ നേതാവിനെയും നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്തു.
ഷിനു ടി.എസ് നായർ, നിതീഷ്, രാഗേഷ്, ശ്രീകുമാർ, മുഹമ്മദ് സനൂഫർ എന്നിവർക്കാണ് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ വൈഭവ് സക്സേനയാണ് നടപടിയെടുത്തത്. ഇവരെല്ലാം ഡ്യൂട്ടിയിലായിരുന്നെന്നും ബാരക്കിലിരുന്ന് മദ്യപിച്ചത് നിസാരമായി കാണുന്നില്ലെന്നും കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ കേരളകൗമുദിയോട് പറഞ്ഞു. ഭക്ഷണം കഴിക്കാൻ ബാരക്കിലെത്തിയെന്നാണ് പൊലീസുകാരുടെ വാദം. എന്നാൽ ഭക്ഷണത്തിനെത്തിയവർ മദ്യപിക്കുന്നതെന്തിനെന്ന് കമ്മിഷണർ ചോദിച്ചു. ഇത് അനുവദിക്കാനാവില്ല. ശക്തമായ നടപടി അനിവാര്യമാണെന്നും കമ്മിഷണർ പറഞ്ഞു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.
പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ ഭാരവാഹിയും ക്യാമ്പിലെ പൊലീസ് കൺസ്യൂമർ സ്റ്റോറിന്റെ ഭാരവാഹിയുമായ നേതാവടങ്ങിയ സംഘമാണ് മദ്യപിച്ചത്. അസി.കമൻഡാന്റ് ജോസഫ് ഇവരെ മദ്യക്കുപ്പിയും അച്ചാറും സോഡയും ഗ്ലാസുകളുമായി പിടി കൂടിയെങ്കിലും വൈദ്യപരിശോധന നടത്തിയില്ല. പൊലീസ് സംഘടനാ നേതാക്കൾ ഒതുക്കാൻ ശ്രമിച്ചെങ്കിലും സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ, സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഓർഡർലി മാർച്ചിനായി കമ്മിഷണർ ഓഫീസിൽ ഹാജരാകാൻ അഞ്ചു പൊലീസുകാർക്കും നിർദ്ദേശം നൽകി. ഇവർക്ക് നിസാരശിക്ഷ നൽകി ഒതുക്കാൻ ശ്രമം നടന്നെങ്കിലും കമ്മിഷണർ വഴങ്ങിയില്ല. പൊലീസ് സംഘടനാ നേതാവിനെയടക്കം സസ്പെൻഡ് ചെയ്യുന്നതിനെതിരെ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിനും ഫലമുണ്ടായില്ല. , മദ്യസേവ പിടികൂടിയ അസി.കമൻഡാന്റിനെ സ്ഥലംമാറ്റാനും നീക്കമുണ്ട്.