
 ഇരകളായതും മലയാളികൾ, സംഭവം മംഗളൂരുവിൽ
തിരുവനന്തപുരം: മംഗളൂരുവിലെ കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികളെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ നഴ്സിംഗ്, ഫിസിയോ തെറാപ്പി വിദ്യാർത്ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നം സ്വദേശി റോബിൻ ബിജു (20), വൈക്കം എടയാർ സ്വദേശി ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട് സ്വദേശി ജബിൻ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗർ സ്വദേശി ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരം സ്വദേശി മുഹമ്മദ് സൂരജ് (19), കാസർകോട് കടുമേനി സ്വദേശി ജഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂർ സ്വദേശി അഷിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറം സ്വദേശി അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ സ്വദേശി അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരി സ്വദേശി കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളെയാണ് 11 അംഗ മലയാളി വിദ്യാർത്ഥി സംഘം റാഗ് ചെയ്തത്. റാഗിംഗിന് ഇരയായ വിദ്യാർത്ഥികൾ മാനേജ്മെന്റിന് നൽകിയ പരാതി അവർ പൊലീസിന് കൈമാറുകയായിരുന്നു.
 റാഗിംഗ് രീതികൾ ഇങ്ങനെ
മുടി മുറിച്ചു മാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കോൽ കൊണ്ട് ക്ളാസ് മുറി അളപ്പിക്കുക എന്നിവയാണ് ജൂനിയർ വിദ്യാർത്ഥികളെ കൊണ്ട് മുതിർന്ന വിദ്യാർത്ഥികൾ ചെയ്യിപ്പിച്ചത്. ഇതുകൂടാതെ വിദ്യാർത്ഥികളെ ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു. റാഗിംഗിനെ എതിർത്ത വിദ്യാർത്ഥികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിലുണ്ട്. സംഭവം നടന്ന ഒരു ദിവസത്തിന് ശേഷമാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിന് പരാതി നൽകിയത്. മാനേജ്മെന്റിനോട് പരാതിപ്പെട്ടാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
18 പേരടങ്ങിയ സംഘമാണ് റാഗിംഗിന് നേതൃത്വം നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. ശേഷിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കമ്മിഷണർ വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിദ്യാഭ്യാസ നിയമത്തിലെയും വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നതെന്ന് ശശികുമാർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള റാഗിംഗിന് ഇരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം ഭയം കൂടാതെ കോളേജ് അധികൃതരെ അറിയിക്കുകയോ അല്ലെങ്കിൽ പൊലീസിനെ അറിയിക്കുകയോ ചെയ്യാമെന്ന് കമ്മിഷണർ കൂട്ടിച്ചേർത്തു.
രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിംഗ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. എട്ട് മെഡിക്കൽ കോളേജുകളും 12 എൻജിനിയറിംഗ് കോളേജുകളുമുള്ള മംഗളൂരു വിദ്യാഭ്യാസ മേഖലയിലെ തന്നെ വലിയൊരു ഹബ്ബാണ്. 30 പ്രൊഫഷണൽ കോഴ്സുകൾ ഇവിടെയുണ്ട്. 900 സ്കൂളുകളിലും കോളേജുകളിലുമായി രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് മംഗളൂരുവിൽ പഠിക്കുന്നത്.