ggg

കൊണ്ടോട്ടി പൊലീസ് കേസെടുത്തു

മലപ്പുറം: സ്വർണക്കടത്തു കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ നാലു വാഹനങ്ങളിലായി പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പിന്തുടർന്ന വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

കൽപ്പറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങവേയാണ് ആക്രമണശ്രമമുണ്ടായത്. കൽപ്പറ്റയിൽനിന്ന് മുക്കത്തെത്തിയപ്പോൾ വാഹനങ്ങൾ പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടു. കമ്മിഷണറുടെ വാഹനത്തിനു മുന്നിലും പിന്നിലുമായാണ് അക്രമികളുടെ വാഹനങ്ങൾ സഞ്ചരിച്ചത്. അൽപ്പദൂരം പിന്നിട്ട ശേഷം നാല് വാഹനങ്ങളും സുമിത് കുമാറിന്റെ വാഹനത്തിനു പിറകെയായി യാത്ര. സംഘം തടയാൻ ശ്രമിച്ചെങ്കിലും സുമിത് കുമാറിന്റെ ഡ്രൈവർ വാഹനം വേഗത്തിലെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.കൊണ്ടോട്ടി വരെ നാല് വാഹനങ്ങളും പിന്തുടർന്നു. കാർ കരിപ്പൂരിലേക്ക് തിരിഞ്ഞതോടെയാണ് നാല് വാഹനങ്ങളും കടന്നുപോയത്. എറണാകുളം രജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾ ഒരാഴ്ച മുമ്പ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സൂചന. രണ്ടു ബൈക്കുകളിലും കാറുകളിലുമായാണ് സംഘം സുമിത് കുമാറിനെ പിന്തുട‌ർന്നത്.