sivakumar

വി.എസ്.ശിവകുമാർ സത്യഗ്രഹം നടത്തി

തിരുവനന്തപുരം: സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മൂന്നുവർഷമായി തകർന്നുകിടക്കുന്ന ശംഖുംമുഖം തീരവും റോഡും പുനർനിർമ്മിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പക്ഷേ അതിന് ഇച്ഛാശക്തി വേണമെന്നും വികസന വിരോധിയായ സർക്കാരല്ല വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശംഖുംമുഖം തീരവും, റോഡും പുനർനിർമ്മിക്കണമെന്നും തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വി.എസ്. ശിവകുമാർ എം.എൽ.എ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകർന്നുകിടക്കുന്ന ശംഖുംമുഖം തീരം സംരക്ഷിക്കുക, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെയും തീരം നഷ്ടപ്പെട്ട കമ്പവല മത്സ്യത്തൊഴിലാളികളെയും പുനരധിവസിക്കുക, ഓഖി ദുരന്തത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പൂർണമായി നടപ്പാക്കുക, കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യഗ്രഹം.

തീരദേശവാസികളുടെ സുരക്ഷിതത്വത്തിന് കടൽഭിത്തി നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് വി.എസ്. ശിവകുമാർ പറഞ്ഞു. നിരന്തരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നിർമ്മാണത്തിനാവശ്യമായ തുക സർക്കാർ അനുവദിച്ചില്ല. തുടർന്നാണ് എം.എൽ.എ ഫണ്ടിൽ നിന്ന് 2 കോടിരൂപ അനുവദിച്ചത്. എന്നാൽ പാറക്കല്ലുകൾ ലഭ്യമല്ലെന്നാണ് സർക്കാർ പറയുന്നത്. അലംഭാവം വെടിഞ്ഞ് തീരദേശവാസികളുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

പി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം സുധാകരൻ, പി.കെ. വേണുഗോപാൽ, പ്രതാപചന്ദ്രൻ, വി.എസ്. ഹരീന്ദ്രനാഥ്, സെറാഫിൻ ഫ്രെഡി, മിലാനി, ബീമാപള്ളി റഷീദ്, പോൾ, മനോജ്, എം.ആർ. തമ്പാൻ, വിളക്കുടി രാജേന്ദ്രൻ, സുദർശനൻ കാർത്തികപ്പറമ്പ്, ലെഡ്ഗർ ബാവ, സേവ്യർ ലോപ്പസ്, എം.എ. പത്മകുമാർ, പാളയം ഉദയൻ, ചാക്ക രവി, സി. ജയചന്ദ്രൻ, വള്ളക്കടവ് നിസാം, ചാല സുധാകരൻ, ലക്ഷ്മി, ടോം ജെറോം, ടോണി, ജയ്സൺ പൂന്തുറ തുടങ്ങിയവർ പങ്കെടുത്തു.