
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. എല്ലാ രംഗങ്ങളിലും ഇന്ന് കാണുന്ന കുതിച്ചുചാട്ടത്തിന്റെ മുഖ്യഘടകം കാലാകാലങ്ങളിൽ കേരളത്തിലാരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ക്രിസ്ത്യൻ മിഷനറികൾ, എം.ഇ.എസ്, എസ്.എൻ.ഡി.പി, എൻ.എസ്.എസ് കൂടാതെ മതേതര സ്വഭാവമുള്ള സംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ രംഗത്ത് നൽകിയ സേവനങ്ങൾ അഭിനന്ദനാർഹമാണ്. സ്വാശ്രയമേഖലയിൽ ആരംഭിച്ച ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലക്രമത്തിൽ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എയ്ഡഡ് സ്ഥാപനങ്ങളായി.
സ്കൂൾ വിദ്യാഭ്യാസതലത്തിൽ കേരളത്തിലെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ദേശീയതലത്തിൽ മുൻപന്തിയിൽ വരാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. സി.ബി.എസ്.ഇ സ്കൂളുകളുടെ ഉദയത്തോടെ ഐ.ഐ.ടി, എൻ.ഐ.ടി, എ.ഐ.എം.എസ് മുതലായ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്ക് വളരെയധികം ഉയർന്നു. പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിന്നാക്കമായിരുന്ന കേരളത്തിൽ വിരലിലെണ്ണാവുന്ന മെഡിക്കൽ എൻജിനിയറിംഗ് കോളേജുകളാണ് ഉണ്ടായിരുന്നത്. 2002 വരെ സാങ്കേതിക വിദ്യാഭ്യാസത്തിനും വൈദ്യശാസ്ത്ര പഠനത്തിനുമായി കേരളത്തിലെ വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളെയോ അന്യദേശങ്ങളെയോ ആണ് ആശ്രയിച്ചിരുന്നത്. ഈ സ്ഥിതിഗതികളെ അതിജീവിക്കുന്നതിനായി നൂറ്റിയൻപതോളം എൻജിനിയറിംഗ് കോളേജുകൾ, മുപ്പതോളം മെഡിക്കൽ കോളേജുകൾ, പതിനഞ്ചോളം ആയുർവേദ കോളേജുകൾ, നൂറോളം പോളിടെക്നിക്കുകൾ, നഴ്സിംഗ്, ദന്തൽ, ഫാർമസി, ബി.എഡ് കോളേജുകൾ മുതലായവ സ്വാശ്രയ മേഖലയിൽ ഉയർന്നു.
വിദ്യാഭ്യാസമേഖലയിലെ സന്നദ്ധസംഘടനകളുടെ സേവനം സർക്കാരും പൊതുസമൂഹവും ഇപ്പോഴും തിരിച്ചറിയുന്നില്ലെന്നത് വിരോധാഭാസമാണ്. ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനും നിലനിറുത്തന്നതിനും സർക്കാരിന് യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ല. ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. അതേസമയം, പ്രസ്തുത സ്ഥാപനങ്ങളിൽ നിന്ന് കെട്ടിടനികുതിയായും ഇലക്ട്രിസിറ്റി ചാർജായുമൊക്കെ മികച്ച ആദായമാണ് സർക്കാരിന് ലഭിക്കുന്നത്. സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഇളവുകളൊന്നും സ്വാശ്രയ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നുമില്ല. യൂണിവേഴ്സിറ്റികളാകട്ടെ, അഫിലിയേഷൻ ഉൾപ്പെടെയുള്ള ഫീസുകളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകുമ്പോൾ സ്വാശ്രയ സ്ഥാപനങ്ങളെ പിഴിയുന്നു.
സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നാമമാത്രമായ ഫീസ് നൽകിയാൽ മതിയാകും. അതേസമയം സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ആ സ്ഥാപനത്തിന്റെ ചെലവുകൾ വഹിക്കുന്നതിന് ഉതകുന്ന ഫീസ് നൽകേണ്ടതുണ്ട്. ഈ രണ്ടുവിഭാഗം വിദ്യാർത്ഥികളും കേരളത്തിലെ നികുതിദായകരുടെ മക്കളാണെന്ന വസ്തുത പരിഗണിക്കാതെയാണ് നിയമനിർമ്മാണങ്ങൾ നടക്കുന്നത്. എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അന്യമാണ്. നികുതിദായകരായ രക്ഷിതാക്കളുടെ മക്കൾക്കായി നികുതിപ്പണം വിനിയോഗിക്കാതെ ഒരു വിഭാഗത്തിന് മാത്രമായി നൽകുന്നത് അന്യായമാണ്.
പ്രശ്നങ്ങൾ
ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലനിൽപ്പ്, ലഭിക്കുന്ന സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്. വിദ്യാർത്ഥികളുടെ എണ്ണവും ഫീസുമാണ് അതിന്റെ ഘടകങ്ങൾ. വിദ്യാർത്ഥികളുടെ എണ്ണം പല സ്ഥാപനങ്ങളിലും ലക്ഷ്യമിടുന്ന നിലയിലേക്ക് എത്തിച്ചേരാറില്ല. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് എൻജിനീയറിംഗ് മേഖലയിലാണ്. നിലവിലുള്ള 50 ശതമാനം കോളേജുകളും വിദ്യാർത്ഥികളുടെ അഭാവത്തിൽ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് മൂലം വരുമാനം ഇടിയുകയും തത്ഫലമായി ശമ്പളം പൂർണമായും കൊടുക്കാൻ പറ്റാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിൽ മിക്കതും. വിദ്യാർത്ഥികളുടെ സംഖ്യ കുറയാതിരിക്കാൻ എൻജിനിയറിംഗ് കോളേജുകൾ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ പന്ത്രണ്ടാംക്ലാസിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം നൽകേണ്ടത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പിന്തുടരുന്ന ഈ സമ്പ്രദായം കേരളത്തിലെ എൻജിനീയറിംഗ് കോളേജുകളിലും എന്തുകൊണ്ട് അനുവർത്തിച്ചുകൂടാ ?
സർക്കാരിന് ചില നിർദ്ദേശങ്ങൾ
1. സർക്കാരെന്നോ സ്വാശ്രയമെന്നോ ഉള്ള വേർതിരിവ് ഒഴിവാക്കുക. സ്വാശ്രയ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരേതരത്തിൽ നികുതിയും, യൂണിവേഴ്സിറ്റിതലത്തിൽ ഒരേതരത്തിൽ അഫിലിയേഷനും മറ്റു ഫീസുകളും ഏകീകരിക്കുക.
2. നികുതിദായകരിൽ നിന്ന് ലഭ്യമാകുന്ന സമ്പത്ത് അവരുടെ മക്കൾക്ക് ന്യായമായ രീതിയിൽ ലഭിക്കുന്നതിന് സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ നൽകുക.
3. സർക്കാർ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമെന്ന വേർതിരിവില്ലാതെ ജീവനക്കാരുടെ വേതനം ഏകീകരിക്കുക. ശമ്പളം കൊടുക്കുന്നത് സർക്കാർ ഏറ്റെടുത്ത് ഈ രംഗത്തെ അന്തരം ലഘൂകരിക്കുക.
4. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുകളിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് വരെ സ്വാശ്രയ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകി ജീവനക്കാരുടെ ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യാൻ സഹായിക്കുക.
(ലേഖകന്റെ ഫോൺ: 9447333269)