
ഗുരുദേവന്റെ സ്ഥിതപ്രജ്ഞതയിൽ നിന്നുവാർന്നു വീണ മലയാള മഹാകാവ്യമാണ് അറിവ് എന്ന കൃതി. മഹാകാവ്യത്തിന്റെ മഹത്ത്വവും സൗന്ദര്യവും പതിനഞ്ച് ലളിതമായ പദ്യങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നു.ലോകത്തിന്റെ സവിശേഷതകളെല്ലാം ഒരു മൺതരിയിൽ ദർശിക്കുന്നതു പോലെയാണത്. അതിവിപുലവും ഗഹനവുമാണ് ബോധശാസ്ത്രം. ഒരു ശാസ്ത്രമായ അത് സൗന്ദര്യശാസ്ത്രപരമായ കവിതയായി തീർന്നതാണ് അറിവ്. വ്യാസൻ ഭഗവദ്ഗീതയിലൂടെ അത് നിർവഹിച്ചു. ഗുരു, അറിവെന്ന കൃതിയിലൂടെയും.
THE WASTE LAND എന്ന കവിതയെ മലയാളത്തിൽ 'തരിശുഭൂമി"യാക്കി, നൂതനകവിതാശൈലി സൃഷ്ടിച്ച കവിയാണ് അയ്യപ്പപ്പണിക്കർ. അറിവിനെ ദൈവവാക്യം പോലൊരു കൃതിഎന്നു വിശേഷിപ്പി ച്ച അദ്ദേഹത്തിന് അതിന്റെ ആഴവും പരപ്പും നന്നേ ബോധിച്ചിരുന്നു. നീണ്ടുപരന്നു കിടക്കുന്നതും ജീർണിച്ചതുമായ ആധുനികലോകവും ഊഷരമായ ജീവിതവും 'തരിശുഭൂമി"എന്ന കവിത പ്രതീകവത്കരിക്കുന്നുണ്ട്. നവസമൂഹത്തിന്റെയും ജീവിതത്തിന്റെയും പുനർനിർമിതിയിൽ ഗുരുദേവദർശനം വെളിച്ചം വീശുന്നുണ്ട്. ജീവിതത്തിലെ ഏറ്റം സൂക്ഷമമായിട്ടുള്ള ബോധതലത്തിന്റെ നവസൃഷ്ടിയാണ് അറിവെന്ന കവിതയിൽ ഗുരു നടത്തിയിട്ടുളളത്. ദാർശനികസാഹിത്യത്തിൽ മുമ്പൊരിക്കലും ഇമ്മാതിരി ഒരുകൃതി പിറവിയെടുത്തിട്ടില്ല. അറിവിനെ വിശ്ലേഷിച്ചും സംശ്ലേഷിച്ചുമുള്ള ആ കവിതാ പ്രവാഹിനി നിർമലമായ ബോധസരസിനെ അന്തിമമായി ആശ്ലേഷിച്ചു നില്ക്കുന്നു.അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കിളിവാതിലുകൾ തുറന്നിട്ട് ലോകത്തെ അറിയുകയാണു നാം. പുറമേയുള്ള വസ്തുക്കളെ അകമേ നാമവും രൂപവുമായാണ് അറിയുന്നത്. ചില അറിവുകൾ സുഖവും മറ്റു ചിലത് ദുഃഖവും ജനിപ്പിക്കുന്നു. ഇവളെന്റെ പ്രിയതമ, അവനെന്റെ പ്രിയപുത്രൻ എന്നിങ്ങനെയുളള അറിവുകൾ സുഖകരവും ഇവനെന്റെ ശത്രു, അവനൊരു വിജാതീയൻ തുടങ്ങിയ അറിവുകൾ ദുഃഖകരവുമാണ്. സുഖകരമായതിനെ നിലനിറുത്താനും ദുഃഖകരമായതിനെ ഒഴിവാക്കാനുമാണ് മനുഷ്യന്റെഎല്ലാ പ്രയത്നങ്ങളും. യൗവനം സന്തോഷപ്രദമാണെങ്കിലും അത് ദുഃഖകരമായ വാർദ്ധക്യത്തിലേക്കും മരണത്തിലേക്കും കടന്നുപോകുന്നു. സാമൂഹിക പരിവർത്തനം ഒരു പക്ഷേ സാധിക്കാം. എന്നാൽ ശരീരത്തിന്റെ മാറ്റവും പതനവും ഒഴിവാക്കാനാവില്ല. മാറ്റമില്ലാത്ത അറിവിൽ നാമവും രൂപവുമായി വിരിഞ്ഞു നിൽക്കുന്നതാണ് ഈലോകം. ഇതൊരു ആലോചനാ വിഷയമാണ്. അറിവെന്ന കൃതിയിലെ ആദ്യപദ്യത്തിൽ തന്നെ ഗുരു 'തിരഞ്ഞിടും നേരം"എന്നു പ്രയോഗിച്ചിട്ടുണ്ട്. നാമരൂപാത്മകമായി അറിയ പ്പെടുന്ന ലോകം, തിരഞ്ഞിടുന്നേരം അറിവുതന്നെയാണെന്നതിനാൽ അറിവാണ് എങ്ങുമുള്ളതെന്നു ഗുരുദേവൻ സൂചിപ്പിക്കുന്നു. ദൂരെദേശത്തുളള പുത്രന്റെ മരണ വാർത്ത മാതാപിതാക്കളുടെ അറിവിൽ വന്നില്ലെങ്കിൽ അവർ ദുഃഖിക്കുന്നില്ല. എന്നാൽ മകൻ ജീവിച്ചിരിക്കേത്തന്നെ മരിച്ചുപോയി എന്ന വാർത്ത മാതാപിതാക്കളുടെ അറിവിലണഞ്ഞാൽ അവർ ദു:ഖിക്കുന്നു. പഞ്ചദശി എന്ന കൃതിയിൽ വിദ്യാരണ്യ സ്വാമികൾ ഇതു മനോഹരമായി എഴുതിയിട്ടുണ്ട്. അറിവെന്ന കൃതിയുടെ ആദ്യം തന്നെ ജീവിതവ്യമായ ഒരു സാധനാപാഠവും ഗുരു നല്കുന്നുണ്ട്. സുഖദുഃഖങ്ങളായും പ്രിയാപ്രിയങ്ങളായും ഒഴുകിയെത്തുന്നവയിൽ 'ഞാൻ"വീണു പോകാതിരിക്കാനുള്ള അഭ്യാസം ഉണ്ടാവണം. നിരന്തരമായ അഭ്യാസം സ്വഭാവമായി രൂപ പ്പെടും. ജീവിതത്തെ അശാന്തമാക്കുന്ന 'ശത്രുക്കളെ" ചിന്തയിലണയാതെ സൂക്ഷിക്കണം. മെല്ലെ മെല്ലെ,ബോധപൂർണിമയിൽ അസ്വാസ്ഥ്യപ്പെടുത്തുന്ന അറിവുകളുടെ തമസ് ഇല്ലാതാവും. ബോധനിലാവേ ഉണ്ടായിരുന്നുള്ളു. അറിയപ്പെടുന്നതായ ഈ അന്ധകാരവും അറിവുതന്നെയായിരുന്നു. അറിയപ്പെടുമിതു വേറല്ലറിവായീടും തിരഞ്ഞീടും നേരം എന്ന് ഗുരു അരുളുന്നു. ഏതൻസിലെ ആപണങ്ങളിലും തെരുവുകളിലും യുവമാനസങ്ങളിൽ അറിവിന്റെ അഗ്നിയെറിഞ്ഞ സോക്രട്ടീസ് 'എനിക്കൊന്നും അറിയില്ലായെന്നു ഞാനറിയുന്നു"എന്നു പറഞ്ഞപ്പോൾ അജ്ഞതയെ അറിയുന്ന അറിവുണ്ടെന്നു ഉറപ്പിക്കുകയാണവിടെ. നിറവാർന്ന അറിവിൽ മറ്റൊന്നിന് ഇരിക്കാൻ ഇടമില്ല. അവനവനെ പൂർണമായി അറിയുന്നതിനെയാണ് ആത്മജ്ഞാനം എന്നു വിളിക്കുന്നത്. ആ അറിവിനെപ്പറ്റിയാണ് ഗുരു ഇങ്ങനെ പറഞ്ഞിട്ടുള്ളത്. അറിവിനുനിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
ഉള്ളതായ അറിവിലേ ആനന്ദമനുഭവിക്കാനാവൂ. ഉണ്മയും അറിവും ആനന്ദവും ഭിന്നമായിട്ടല്ലയുള്ളത്. അഭേദ സ്വരൂപമാർന്ന അതിനെ ഭാരതീയദർശനം പരംപൊരുളായി കാണുന്നു. അത് വെറുമൊരു കാഴ്ചയല്ല,ആനുഭൂതികമായ ജീവിതമാണെന്ന് ഗുരുദേവകൃതികളും ജീവിതവും വ്യക്തമാക്കുന്നു. ആ പരമമായ പൊരുളിനെ പരമശിവ ചി ന്താദശകത്തിൽ
'പൊരുളേ! പരിമളമിയലും,
പൊരുളേതാണോ
നിറഞ്ഞനിറപൊരുളേ"എന്ന് ഗുരുഹൃദയംഗമമായി വാഴ് ത്തുന്നുണ്ട്.
ഉണർവിലും സ്വപ്നത്തിലും, ചിന്തിച്ചു നോക്കിയാൽ, ബോധത്തിന്റെ വ്യാപാരമാണു സംഭവിക്കുന്നത്. അറിവിൽ നിന്നെഴുന്നുവരുന്ന കിനാവ് അറിവിൽതന്നെ വിലയമാകുന്ന പോലെ ഉണർവിൽ ഉയിർകൊള്ളുന്നവയെല്ലാം അറിവിൽ അണഞ്ഞു പോകുന്നു. ഈ വസ്തുത 'അറിവിൽ'ഗുരു സവിശേഷം ഉദ്ബോധിപ്പിച്ചിട്ടുണ്ട്. എല്ലാറ്റിനും പൊരുളായിരിക്കുന്ന അറിവു നീയാകുന്നു.'അറിവെന്നതു നീ" എന്നു ഗുരു,ഉപദേശിക്കുന്നു. ഞാനും അറിവും ഭിന്നമല്ലെന്ന് 'അറിവഹമെന്നതുരണ്ടുമേകമാം"എന്ന് ആത്മോപദേശശതകത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഏകമായ അറിവ് എങ്ങനെയാണ് അനേകമായി പിരിഞ്ഞു കാണുന്നതെന്ന രഹസ്യമാണ് അറിവെന്ന കൃതിയുടെ അവസാന പദ്യങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഗുരുദേവകൃതിയായ ദർശനമാലയിൽ നിരുപാധികവും സോപാധികവുമായ അറിവിനെ വിവരിക്കുന്നുണ്ട്. അതിരുകളില്ലാത്തപോലെ അതിവിശാലമായി പരന്നുകിടക്കുന്ന ലോകമെന്ന വിളനിലത്തെ നോക്കിനില്ക്കുന്ന മനുഷ്യൻ. അവിടെ സുഖദുഃഖങ്ങൾ മേനിയിൽ വിളയുന്നു. വേഡ്സ്വർത്തിന്റെ ഏകാകിനിയായ കൊയ്ത്തുകാരിയെപോലെ അയാൾ വിളകൾ കൊയ്തെടുക്കുന്നു. ഇങ്ങനെ സുഖദുഃഖങ്ങളിൽ വീണും ഉയർന്നും വലയുന്ന മനുഷ്യജീവിതം സങ്കടകരമാണെന്ന് ഗുരു ശിവശതകത്തിൽ നിരീക്ഷിക്കുന്നു:
വിളനിലമങ്ങുവിതച്ചുപഴുത്തറു-
ത്തുലകർ ഭുജിച്ചലയുന്നതു സങ്കടം.
അലയുന്ന ഉലകരെ വലിയ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ട് പോകുന്നതാണ് ഗുരുദേവദർശനം. വിവേകത്തോടെ, മഹത്തായ അറിവിലമർന്നുളള ജീവിതത്തിന്റെ 'ധന്യത്വവും" അറിവെന്ന കൃതിയുടെ സന്ദേശമാണ്.