
കൊല്ലം: കൊവിഡിനെത്തുടർന്ന് വിട്ടുനിന്നിരുന്ന നാടോടികൾ വീണ്ടും സജീവം. ബസുകളിലും വീടുകളിലും മോഷണവും പിടിച്ചുപറിയും തുടങ്ങി. നാട്ടിലെത്തി മോഷണത്തിന് സ്വീകരിക്കുന്നത് പല രീതികളാണ്. കൈക്കുഞ്ഞുങ്ങളുമായി വെള്ളം തേടിയും അന്നം തേടിയുമാണ് ഒരു കൂട്ടർ വീടുകളിലെത്തുക. മോഷണത്തിന് പറ്റിയ സാഹചര്യമാണെങ്കിൽ അപ്പോൾത്തന്നെ മോഷ്ടിക്കും. സാഹചര്യവും പരിസരവും വീക്ഷിച്ച ശേഷം പിന്നീടെത്തി മോഷണം നടത്തുന്നവരുമുണ്ട്.
പുത്തൻ വേഷം
ബസുകളിൽ മാലപൊട്ടിയ്ക്കുന്ന സംഘങ്ങൾ സ്റ്റൈൽ പാടെ മാറ്റിയതായാണ് വിവരം. പഴഞ്ചൻ വസ്ത്രം മാറ്റി തീർത്തും മോഡേണായാണ് ഇവർ ബസുകളിൽ കയറുക. മുമ്പ് മുഷിഞ്ഞ വേഷമിട്ട നാടോടികൾ കയറിയാൽ യാത്രക്കാർക്ക് പ്രത്യേക കരുതലുണ്ടാകും.
ആഭരണങ്ങളും പഴ്സുമൊക്കെ പ്രത്യേകം സൂക്ഷിക്കും. എന്നാൽ, ഇപ്പോൾ വേഷം കണ്ട് നാടോടികളെ തിരിച്ചറിയാനാവില്ല. വൃത്തിയുള്ള ചുരിദാറാണ് മുഖ്യമായും ഇവർ ധരിക്കുക.
മുഷിഞ്ഞ സാരിയും ഉടുക്കാറില്ല. ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാറും ഉണ്ടാകും. മോഷണം കഴിഞ്ഞാലുടൻ ആളൊഴിഞ്ഞ ഭാഗത്തെത്തി മുകളിൽ ധരിച്ച ചുരിദാർ ഊരി മാറ്റും. അതോടെ വസ്ത്രത്തിന്റെ നിറം നോക്കി മോഷ്ടാവിനെ കണ്ടെത്താനുമാകില്ല.ബസ് സ്റ്റാന്റുകളിലും മറ്റ് ആളുകൂടുന്ന സ്ഥലങ്ങളിലുമൊക്കെ ഇവർ എത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സംഘത്തിൽ കുട്ടികളും
ഒന്നിലധികം പേരാണ് ഒരു ബസിൽ കയറുക. ചെറിയ കുട്ടികളും സംഘത്തിലുണ്ടാകും. വൃത്തിയും വെടിപ്പുമുള്ളവരായതിനാൽ ആരും ഇവരെ അകറ്റി നിർത്താറില്ല. മുതിർന്നവർക്കൊപ്പം സീറ്റിൽ ഇരുന്നാണ് പഴ്സ് മോഷ്ടിക്കുക. മൊബൈൽ ഫോണും ഹൈടെക് ബാഗുമൊക്കെ നാടോടികളുടെ കൈയിലുമുണ്ടാകും. ഇതൊക്കെ യാത്രക്കാരുടെ കണ്ണിൽ പൊടിയിടാനാണ്. മൊബൈൽ ഫോൺ മോഷണവുമുണ്ട്. ആക്രി പെറുക്കാനെത്തുന്നവരാണ് മറ്റൊരു കൂട്ടർ. സ്ത്രീകളും പുരുഷൻമാരുമുണ്ട് ഈ സംഘത്തിൽ. ആക്രി പറക്കാനെന്ന നിലയിൽ അടച്ചിട്ട ഗേറ്റുകൾ തുറക്കും.
മോഷണത്തിന് ശേഷം പ്രദേശം വിടും,
പ്രത്യേക പരിശീലനവും
വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ മോഷണം നടത്തിയേ മടങ്ങാറുള്ളു. രാത്രികാല മോഷണം നടത്തുന്നവരാണ് വേറൊരു കൂട്ടർ. ഇവർ കടത്തിണ്ണകളിലും വെയിറ്റിംഗ് ഷെഡുകളിലും അന്തിയുറങ്ങി അർദ്ധ രാത്രിയ്ക്ക് ശേഷം മോഷണത്തിനിറങ്ങും. മോഷണം നടത്തിയാൽ ആ പ്രദേശം വിടുന്നതാണ് രീതി. അതുകൊണ്ടുതന്നെ പൊലീസിന് പെട്ടെന്ന് കണ്ടെത്താനുമാകില്ല. പൂട്ട് പൊളിക്കൽ, മാലപൊട്ടിക്കൽ എന്നിവയ്ക്കൊക്കെ സംഘത്തിൽത്തന്നെ പരിശീലനവും നൽകുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊവിഡ് പശ്ചാത്തലത്തിൽ ഒരു വർഷമായി നാടോടികളുടെ വരവില്ലായിരുന്നു. എന്നാൽ, ഇപ്പോൾ മിക്കയിടങ്ങളിലും നാടോടികളെ കാണാനുണ്ട്. പൊലീസും ആരോഗ്യവകുപ്പും ശ്രദ്ധചെലുത്തുന്നുമില്ല.
പത്തനാപുരത്ത്
2 പേർ പിടിയിൽ
യാത്രക്കാരുടെ ശ്രദ്ധതിരിച്ച് സ്വർണവും പണവും കവരുന്ന നാടോടി സംഘത്തിലെ സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കൊട്ടാരക്കര കിഴക്കേ തെരുവിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിയുടെ പഴ്സ് അപഹരിക്കാൻ ശ്രമിക്കവേയാണ് കോയമ്പത്തൂർ ഒസാംപെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവർ പിടിയിലായത്. ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാർ ഇറങ്ങുന്നതിനിടെ നാടോടി സംഘത്തിലെ
ഒരു സ്ത്രീ വീട്ടമ്മയുടെ സാരിയിൽ ചവിട്ടിപ്പിടിച്ച് ചുറ്റുമുള്ളവരുടെ ശ്രദ്ധ തിരിച്ചു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ പഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. മറ്റ് യാത്രക്കാരും വീട്ടമ്മയുടെ മകളും ചേർന്ന് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയാണ് പൊലീസിന് കൈമാറിയത്.