
ആലക്കോട്: ഗൃഹനാഥനെ വീടിനടുത്തുള്ള റോഡിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഉദയഗിരി പഞ്ചായത്തിലെ മുതുശ്ശേരി ആദിവാസി കോളനിയിലെ പുലിക്കിരി ശശിയാണ് (50) മരണപ്പെട്ടത്. ഞായറാഴ്ച വീടിനടുത്തുള്ള തറവാട്ടു വീട്ടിൽ കപ്പ വാട്ട് നടന്നിരുന്നു. ഇതിൽ പങ്കെടുത്ത ശേഷം രാത്രി വൈകി വീട്ടിലേയ്ക്ക് പോന്നതാണ്. ഇന്നലെ വെളുപ്പിന് 4.30 ഓടെ റബ്ബർ ടാപ്പിംഗിനു പോയവരാണ് പരപ്പ - മുതുശ്ശേരി റോഡിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആലക്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. മരപ്പണിക്കാരനാണ് ശശി. ഭാര്യ: ഓമന. പരേതരായ കുഞ്ഞമ്പു - ജാനകി ദമ്പതികളുടെ മകനാണ്. മക്കൾ: ശരണ്യ, ശാരി. സഹോദരങ്ങൾ: കൃഷ്ണൻ, രവി, രാധ.