
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പകർത്തി നൽകാൻ ഹൈടെക് സെൽ എസ്.പിയോട് ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചു. അപകട സമയത്തെ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ഹർജിയിൻ മേലാണ് നിർദ്ദേശം. ദൃശ്യങ്ങൾ പകർത്തുന്നതിനാവശ്യമായ ഉപകരണങ്ങളുമായെത്തി കോടതിയുടെ കസ്റ്റഡിയിലുള്ള ഡി.വി.ആറിൽ നിന്ന് പകർത്തി നൽകാനാണ് നിർദ്ദേശം.
ദൃശ്യങ്ങളുടെ പകർപ്പ് അടക്കം പ്രതികൾക്ക്
കുറ്റപത്രം സമർപ്പിക്കുമ്പോൾ നൽകേണ്ടിയിരുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് വന്ന ഗുരുതരമായ വീഴ്ച മൂലമാണ് ദൃശ്യങ്ങളുടെ പകർപ്പ് നൽകാൻ പ്രോസിക്യൂഷന് കഴിയാതെ പോയതെന്നും പ്രതികളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതിയിൽ രേഖയായി ഹാജരാക്കേണ്ടിയിരുന്ന ദൃശ്യങ്ങൾ തൊണ്ടി മുതലായാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാക്കിയതെന്നും തൊണ്ടി മുതലുകളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ നിയമം അനുശാസിക്കുന്നില്ലെന്നും പകർപ്പ് ഡി.വിആറിൽ നിന്ന് പകർത്തുമ്പോൾ ഹാഷ് ടാഗിന് മാറ്രം സംഭവിയ്ക്കാമെന്നുമായിരുന്നു പ്രോസിക്യൂഷൻെറ വാദം. ഇതിനെതുടർന്ന് കോടതി ഫോറൻസിക് ഡയറക്ടറുടെ വിശദീകരണെം തേടി. അങ്ങനെ സംഭവിക്കില്ലെന്നും സൈബർ സെൽ ഡിവൈ.എസ്.പിയെയോ ഹൈടെക് സെൽ എസ്.പിയെയോ ദൃശ്യങ്ങൾ പകർത്താൻ ചുമതലപ്പെടുത്താവുന്നതാണെന്നും ഡയറക്ടർ നിർദ്ദേശിച്ചു.ഇതിൻെറ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ പകർത്താൻ കോടതി നിർദ്ദേശിച്ചത്.