
കൊച്ചി: മരടിൽ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെയും ജെസിയുടെയും ഇളയ മകൾ നെഹിസ്യയെയാണ് (17) കഴിഞ്ഞ ദിവസം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ട് മറച്ചനിലയിൽ കിടക്കയിലായിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണെന്നും മറ്റ് സാദ്ധ്യതകൾ കൂടി അന്വേഷിക്കുന്നുണ്ടെന്നും മരട് എസ്.ഐ പറഞ്ഞു. മരട്
ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച നെഹിസ്യ. രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒമ്പത് മണിയായിട്ടും ഉണരാതിരുന്നതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരന്റെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്. വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ചിരുന്നു. ഹൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. പഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനിക്ക് ക്ലാസ് പരീക്ഷയിൽ ഒന്നോ രണ്ടോ മാർക്കിന്റെ കുറവുണ്ടായിരുന്നു. ഇത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായാണ് വിവരം.