
മുംബയ്: സുവർണ ജൂബിലിക്കു മുന്നോടിയായി മലങ്കര ഓർത്തഡോക്‌സ് സഭാ മുംബയ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീളുന്ന കർമ്മപദ്ധതികൾക്ക് ഒരുക്കമായി. ആത്മീയം, വിദ്യാഭ്യാസം, സാമൂഹികം, ജീവകാരുണ്യം, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളിലായി നിരവധി പദ്ധതികൾക്ക് ഭദ്രാസനം നേതൃത്വം നൽകും. ആത്മീയമായ ഉൾക്കാഴ്ചയ്‌ക്കൊപ്പം ഭൗതിക ഉന്നതി കൂടി കൈവരിക്കുന്നതിന് പ്രചോദനമേകുന്ന പദ്ധതികൾ സാമൂഹിക വികസനരംഗത്ത് രാജ്യത്തിന് പുതിയ മാതൃകയാകുമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
ഗ്രിഗോറിയൻ കമ്മ്യൂണിറ്റിയുടെ ആവിഷ്‌കാരം, വിവിധ വൈജ്ഞാനിക മേഖലകളിൽ നൈപുണ്യ വികസനത്തിനും പ്രായോഗിക പരിശീലനത്തിനും പ്രാമുഖ്യം നൽകുന്ന തിയോ യൂണിവേഴ്സിറ്റി, ആത്മീയ പഠന കോഴ്സുകൾ, എക്യുമെനിക്കൽ കൂട്ടായ്മ, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ, ചേരികളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന പദ്ധതി എന്നിവ നടപ്പാക്കും. പകൽസമയം പഠനത്തിന് നീക്കിവയ്ക്കാനാകാത്ത വിദ്യാർത്ഥികൾക്കായി നിശാ സ്‌കൂളുകൾ സജ്ജീകരിക്കും. ക്യാൻക്യുവർ ഹെൽത്ത് പ്രോഗ്രാം, വൃക്കരോഗികൾക്ക് ചികിത്സാ സഹായം, ജൈവ കൃഷിരീതികളുടെ പ്രചാരണം എന്നിവയും
ജൂബിലി പദ്ധതികളുടെ ഭാഗമായിരിക്കും.
പദ്ധതി നിർവഹണത്തിന് ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കെ. ചാക്കോ, ഫാ. ബെഞ്ചമിൻ സ്റ്റീഫൻ, ഫാ. തോമസ് മ്യാലിൽ, ഫാ. ജോയ് എം. സ്‌കറിയ, ഫാ. സ്‌കറിയ വർഗീസ്, ബെൻ കുര്യാക്കോസ്, സജീവ് പി. രാജൻ എന്നിവരടങ്ങുന്ന പ്രാഥമിക കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.