
തിരുവനന്തപുരം: രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആരോഗ്യ മിശ്രിതമായ മിൽമ അശ്വഗന്ധ ആൻഡ് സാഫറോണും ബ്ലൂബറി ഫ്‌ളേവേർഡ് മിൽക്കും മിൽമ പുറത്തിറക്കി. ആദ്യഘട്ടമായി വിപണിയിലിറക്കിയ മിൽമ ഗുഡ് ഹെൽത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആരോഗ്യമിശ്രിതത്തിന്റെ വിജയത്തെ തുടർന്നാണ് ഇവയും പുറത്തിറക്കിയത്. മിൽമ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്തിന് നൽകി ഉത്പന്നങ്ങളുടെ ആദ്യ വില്പന നിർവഹിച്ചു. മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, മിൽമ ഭരണസമിതി അംഗം റോമി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.