
കണ്ണൂർ: പുസ്തക വിൽപ്പനയ്ക്ക് വീട്ടിലെത്തിയ പെൺകുട്ടിയെ തന്ത്രപൂർവം മുറിയിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിച്ച വില്ലേജ് ഓഫീസർ റിമാൻഡിലായി. കണ്ണൂർ പുഴാതി വില്ലേജ് ഓഫീസർ പന്നേൻപാറയിലെ രഞ്ജിത്ത് ലക്ഷ്മണനാണ് (37)പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ എത്തിയ 22 കാരിയോട് പുസ്തകം വാങ്ങിയ ശേഷം വില്ലേജ് ഓഫീസർ വീട്ടിനകത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അകത്ത് അസുഖ ബാധിതയായ അമ്മയുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാൽ, അവിടെ മറ്റാരും ഉണ്ടായിരുന്നില്ല
അകത്ത് കയറിയ യുവതിയെ ഇയാൾ കടന്ന് പിടിക്കുകയും പീഡനത്തിന് വിധേയമാക്കുകയും ചെയ്തു എന്നാണ് കേസ്. തൊട്ടടുത്ത തെരുവിൽ വില്പനയ്ക്ക് പോയ സഹപ്രവർത്തകയെ ഉടൻ തന്നെ വിളിച്ച് തന്നെ പീഡിപ്പിച്ചതായി അറിയിച്ചതിനെ തുടർന്ന് പുസ്തകശാലയുടെ മാനേജരും യുവതിയുടെ ഭർത്താവും സ്ഥലത്തെത്തി.
ടൗൺ വനിതാ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് രാത്രിയോടെ വില്ലേജ് ഓഫീസറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രമുഖ യൂണിയന്റെ സജീവ പ്രവർത്തകനായ പ്രതി കൊവിഡ് പ്രതിരോധ വാക്സിനെടുത്ത് വീട്ടിൽ വിശ്രമത്തിലായിരുന്നു. അവിവാഹിതനാണ്.