
മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ കോട്ടമുറി ശാഖയിൽ മോഷണ ശ്രമം. ആധുനിക സംവിധാനങ്ങൾ ഉള്ളതിനാൽ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു. മോഷ്ടാവിന്റെ ദൃശ്യം കാമറയിൽ പതിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടേകാൽ മണിയോടെയായിരുന്നു സംഭവം.
പത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ള ബാങ്കിന്റെ പ്രവേശന ഭാഗത്ത് മൂന്ന് കാമറകളാണ് ഉള്ളത്. ഇതിൽ രണ്ട് കാമറ കമ്പുകൊണ്ട് തിരിച്ച് വയ്ക്കുകയും മറ്റൊന്ന് തകർക്കുകയും ചെയ്ത ശേഷമാണ് മോഷണശ്രമം ആരംഭിച്ചത്. എന്നാൽ തകർത്ത കാമറയിൽ മോഷ്ടാവ് മറ്റ് രണ്ട് കാമറകൾ തിരിച്ച് വയ്ക്കുന്നതും തകർക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. കാമറ തകർത്ത ശേഷം മോഷ്ടാവ് താഴുകൾ തകർത്ത് ഷട്ടർ പകുതി തുറക്കുന്നത് മറ്റ് കാമറകളിലും പതിഞ്ഞിട്ടുണ്ട്. ആദ്യം തുറന്ന ഷട്ടറിന്റെ ഭാഗത്ത് പ്രവേശന കവാടം ഇല്ലാത്തതിനാൽ രണ്ടാമത് ഷട്ടറിന്റെ താഴ് തകർത്ത് ഷട്ടർ ഉയർത്തിയ ശേഷമാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. എന്നാൽ ഈ സമയം സെൻസർ പ്രവർത്തിച്ച് ശബ്ദം ഉണ്ടായതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഇത് മറ്റ് കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൃപ്പെരുന്തുറ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി വരെ മണം പിടിച്ചെത്തിയ ശേഷം തിരികെ പോകുകയും ചെയ്തു. വിരലടയാള വിദഗ് ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പ്യൂട്ടർ സെൽ വിദഗ്ദ്ധർ ബാങ്കിൽ എത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കരുവാറ്റയിലെ ഒരു ജുവലറിയിൽ ഇന്നലെ നടന്ന മോഷണവുമായി സംഘത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. മോഷണശ്രമം നടന്നെങ്കിലും ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.