
കോട്ടയം: സ്വന്തം സഹോദരനും കൂട്ടുകാരും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നു ആരോപിച്ചു എരുമേലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി കോട്ടയം, എരുമേലി പുഞ്ചവയൽ ,മറ്റത്തിൽ വീട്ടിൽ രാജൻകുട്ടിയെ (46) കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.
പ്രതിയും മറ്റു രണ്ടു കൂട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് 2007 നവംബർ മുതൽ 2014 ഏപ്രിൽ വരെയുള്ള കാലയളവിൽ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്.
പോലീസ് 4 പ്രതികൾക്കെതിരെയും ഒരുമിച്ചു ഒരു കുറ്റപത്രം സമർപ്പിച്ചെങ്കിലും, വിചാരണ ഘട്ടത്തിൽ കോടതി നിർദ്ദേശ പ്രകാരം പുനരന്വേഷണം നടത്തി , പ്രത്യേകം കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. അവയിൽ ഒന്നാമത്തെ കേസിലാണ് , പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയത്.
10 മീറ്റർ ചുറ്റളവിൽ ചുറ്റുപാടും വീടുകളുള്ള സ്ഥലത്തുള്ള ഷെഡിൽ പകൽ സമയത്ത് ഇങ്ങനൊരു കൃത്യം സംഭവ്യമല്ല എന്നു കോടതി വിലയിരുത്തി. വ്യക്തമായ സമയമോ ദിവസമോ ചൂണ്ടിക്കാണിക്കുവാൻ പ്രോസിക്യൂഷൻ സാധിക്കാഞ്ഞതും വീഴ്ചയായി.
അതേ സമയം പെൺകുട്ടിക്ക് മറ്റൊരു ചെറുപ്പക്കാരനുമായി ഉണ്ടായിരുന്ന പ്രണയം വെളിപ്പെടുത്തുന്ന കത്ത് പ്രതിഭാഗം ഹാജരാക്കിയത് , ക്രോസ് വിസ്താരത്തിൽ പെൺകുട്ടി അംഗീകരിച്ചിരുന്നു . ആ ബന്ധത്തെ എതിർത്ത സഹോദരനും കൂട്ടുകാർക്കും എതിരെ കളവായി ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന പ്രതിഭാഗം വാദം കോടതി ശരി വച്ചു.
പ്രതികളോട് മുൻവൈരാഗ്യമുള്ള സ്ഥലവാസിയായ പൊലീസുകാരന്റെ കേസിലെ ഇടപെടലുകൾ വിചാരണ വേളയിൽ തെളിഞ്ഞിരുന്നു.
പെൺകുട്ടിയെ വൈദ്യ പരിശോധനക്കായി 50 കിലോമിറ്റർ അകലെയുള്ള ആശുപത്രിയിൽ ഹാജരാക്കിയതിലും വിശദീകരണം നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. വീട്ടിൽ അറിയാതെ പെൺകുട്ടി രഹസ്യമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സഹോദരൻ നശിപ്പിച്ചതും വിരോധകാരണമായി എന്ന വാദവും ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അനാവശ്യ ഇടപെടലുകളും അന്വേഷണത്തിൽ ഉണ്ടായ ഗുരുതര വീഴ്ചകളും പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് കോടതി അംഗീകരിച്ചു.
പ്രതിക്ക് വേണ്ടി അഡ്വ. ജിതേഷ് ജെ.ബാബു, അഡ്വ. സുബിൻ കെ വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി. മറ്റ് പ്രതികൾക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകപരാതി ശരിവയ്ക്കുന്നതാണ് കേസിലെ വിധി.