
കന്റീനിന്റെ മറവിലും തട്ടിപ്പ്
കോട്ടയം: വിജിലൻസിന്റെ പിടിയിലായ മുണ്ടക്കയം മുൻ സി.ഐ ഷിബുകുമാറിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള പ്രാരംഭ അന്വേഷണമാണ് കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃത്വത്തിൽ നടക്കുന്നത്. കൈക്കൂലികേസിൽ അറസ്റ്റിലായ ഷിബുകുമാർ ഇപ്പോൾ റിമാൻഡിൽ പാലാ സബ് ജയിലിലാണ്.
പിതാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ മകനെ ഭീഷണിപ്പെടുത്തിയശേഷം കുറ്റവിമുക്തനാക്കാം എന്നു പറഞ്ഞ് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുടർന്ന് ഒരു ലക്ഷമാക്കി ചുരുക്കുകയും ആദ്യ ഗഡുവായ 50,000 രൂപ വാങ്ങുന്നതിനിടയിലാണ് ഷിബുകുമാറിനെ (46) കിഴക്കൻ മേഖലാ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ നേരിട്ടെത്തി അറസ്റ്റ് ചെയ്തത്. കൂടെ ഇടനിലക്കാരനായ പൊലീസ് കന്റീൻ നടത്തിപ്പുകാരൻ മുണ്ടക്കയം വട്ടോലികുന്നേൽ സുദീപ് ജോസിനെയും (39) വിജിലൻസ് പിടികൂടിയിരുന്നു.
ഷിബുകുമാർ ജോലി ചെയ്തിരുന്നിടത്തെല്ലാം ഏജന്റുമാരെ നിയോഗിച്ചാണ് പണപ്പിരിവ് നടത്തിയിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കയത്ത് കന്റീൻ നടത്തിപ്പുകാരനെയാണ് പണപ്പിരിവിന് നിയോഗിച്ചിരുന്നത്.
വ്യാപാരികളിൽ നിന്ന് പണപ്പിരിവ്
മുണ്ടക്കയത്ത് പൊലീസ് കന്റീൻ നിർമ്മിക്കുന്നതിനായി പരക്കെ പണപ്പിരിവ് നടത്തിയിരുന്നതായി വ്യാപാരികൾ പറയുന്നു. ഒരു ഇരുമ്പുകടയിൽ നിന്ന് പലപ്പോഴായി വാങ്ങിയത് മുക്കാൽ ലക്ഷത്തോളം രൂപയാണ്. കമ്പിയും സിമന്റും വാങ്ങിയ ഇനത്തിൽ 65,000 രൂപയാണ് നല്കാനുള്ളത്. കൂടാതെ പണിക്കാർക്ക് കൂലി നല്കാനായും സി.ഐ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് ഉടൻ തരാം എന്നുപറഞ്ഞാണ് പണം വാങ്ങിയിരുന്നതെന്ന് പറയുന്നു. രണ്ടാഴ്ചക്കുള്ളിൽ ബിൽതുക തന്നുകൊള്ളാമെന്ന് പറഞ്ഞാണ് സാധനങ്ങൾ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. വൈകുന്നേരങ്ങളിൽ കടകളിലേക്ക് ആളുകളെ പറഞ്ഞുവിട്ടും പണപ്പിരിവ് നടത്തിയിരുന്നു.
ഇയാൾ ജയിലിലായതോടെ എവിടെനിന്ന് പണം കിട്ടും എന്ന വേവലാതിയിലാണ് വ്യാപാരി.
പച്ചക്കറി-മാംസ വ്യാപാരികൾക്കും വൻതുക നൽകാനുണ്ട്
ന്റീനിന്റെ മറവിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്. കന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട് പച്ചക്കറി കടക്കാർക്കും മാംസം, മത്സ്യം വില്പനക്കാർക്കും വൻതുക നല്ലാനുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. അരിക്കടയിലും വൻതുക നല്കാനുണ്ട്. ഇതേക്കുറിച്ചെല്ലാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തി പ്രതികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതും പതിവായിരുന്നുവെന്നാണ് അറിയുന്നത്. സി.ഐ ആയതിനാൽ പറയുന്ന പണം കൊടുത്ത് കേസിൽ നിന്ന് ഒഴിവാകാനാണ് പലരും ശ്രമിച്ചിരുന്നത്. മാനഹാനി ഭയന്ന് പലരും വിവരങ്ങൾപുറത്തുപറയില്ല. അതാണ് വീണ്ടും വീണ്ടും കൈക്കൂലി വാങ്ങാൻ ഷിബുകുമാറിന് പ്രചോദനമായത്.
കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വി.ഷിബുകുമാർ കഴക്കൂട്ടം ഇൻസ്പെക്ടർ ആയിരിക്കെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് നിലനില്ക്കെയാണ് മുണ്ടക്കയത്ത് എത്തിയ ഇയാൾ കൈക്കൂലിക്കേസിൽ കുടുങ്ങിയത്. പീരുമേട്ടിൽ ജോലിചെയ്യവേ മൂന്നു ലക്ഷം രൂപ വാങ്ങി മൂന്ന് കിലോ കഞ്ചാവ് 30 ഗ്രാമാക്കി കോടതിയിൽ റിപ്പോർട്ട് നല്കിയെന്ന ആരോപണവുമുണ്ട്.