ev

കൊച്ചി: വാഹന നിർമ്മാതാക്കളെല്ലാം ഇപ്പോൾ ഗൗരവമായി ചിന്തിക്കുന്ന കാര്യമാണ് ഇലക്‌ട്രിക് മോഡലുകളുടെ അവതരണം. ഏത് പുതിയ വാഹനം അവതരിപ്പിക്കുമ്പോഴും അതിന്റെ ഇലക്‌ട്രിക് പതിപ്പ് പ്രതീക്ഷിക്കാമോ എന്ന ചോദ്യവും അവർക്കുമേൽ ഉയരുകയാണ്. ഇന്ത്യയിൽ തന്നെ ടാറ്റാ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, എം.ജി എന്നിങ്ങനെ ചില കമ്പനികൾ മികവുറ്റ ഇലക്‌ട്രിക് കാറുകൾ അവതരിപ്പിച്ച് കളംപിടിച്ച് തുടങ്ങിക്കഴിഞ്ഞു.

പെട്രോൾ, ഡീസൽ വില അനുദിനം പുതിയ റെക്കാഡ് കുറിച്ച് മുന്നേറുമ്പോൾ വിപണിയിൽ ഇലക്‌ട്രിക് പതിപ്പുകൾക്ക് ഡിമാൻഡ് കൂടുന്നുമുണ്ട്. എന്നാൽ, ഇപ്പോഴും ഇലക്‌ട്രിക് കാറുകളെ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ ധാരണയില്ല. എങ്ങനെയായിരിക്കും പെർഫോമൻസ്? എത്രദൂരം ഓടാം? ചെലവ് എത്ര? മെയിന്റനൻസ് ചെലവ് കൂടുതലാണോ? ദീർഘദൂര യാത്രകളിൽ ബാറ്ററി ചാർജ് ചെയ്യാൻ ഇടം കിട്ടുമോ? അങ്ങനെ സംശയങ്ങളും ആശങ്കകളും നീളുകയാണ്.

മികച്ച നിക്ഷേപം

സാധാരണ പെട്രോൾ, ഡീസൽ (ഇന്റേണൽ കംബഷൻ എൻജിൻ - ഐ.സി.ഇ) വാഹനങ്ങളെ അപേക്ഷിച്ച് ഇലക്‌ട്രിക് വാഹനങ്ങളെ (ഇ.വി) മികച്ച ഒരു നിക്ഷേപം എന്നുതന്നെ വിശേഷിപ്പിക്കാം. പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിച്ചിരുന്നയാൾ ഇ.വിയിലേക്ക് മാറുമ്പോൾ കൈവരുന്നത് സാമ്പത്തിക ചെലവിൽ വൻ കുറവാണ്. ഇത്, വലിയ സാമ്പത്തികാശ്വാസവും പകരും. നമുക്ക് ഉദാഹരണം നോക്കാം:

എസ്.യു.വികൾക്കാണല്ലോ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം പ്രിയമുള്ളത്. ലിറ്ററിന് 10 കിലോമീറ്റർ മൈലേജ് നൽകുന്ന ഒരു എസ്.യു.വി നമുക്ക് ഉദാഹരണമായി എടുക്കാം. ഇപ്പോൾ പെട്രോൾ ലിറ്ററിന് 94 രൂപയാണ് എന്നിരിക്കട്ടെ. ഒരാൾ ഈ കാർ പ്രതിമാസം ശരാശരി ആയിരം കിലോമീറ്റർ ഓടിക്കുന്നു. അങ്ങനെ പ്രതിവർഷം 12,000 കിലോമീറ്റർ. മേൽപ്പറഞ്ഞ മൈലേജ് വച്ചുനോക്കുമ്പോൾ ഒരുവർഷം വേണ്ടത് 1,200 ലിറ്റർ പെട്രോൾ. അതായത്, ഒരുവർഷത്തെ ഇന്ധനച്ചെലവ് 1,12,800 രൂപ.

ഇനി നമുക്ക് ഇലക്‌ട്രിക് എസ്.യു.വി നോക്കാം. ഇന്ത്യയിൽ ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിച്ച രണ്ടു മോഡലുകളാണ് ഹ്യുണ്ടായ് കോന ഇലക്‌ട്രിക്, എം.ജി സെഡ്.എസ്. ഇ.വി എന്നിവ. ബാറ്ററി ചാർജ് ചെയ്യാനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് എട്ട് രൂപയെന്ന് കണക്കാക്കിയാലും ഇതേദൂരം പിന്നിടാൻ ഈ ഇലക്‌ട്രിക് കാറുകൾക്ക് വേണ്ടിവരുന്നത് പരമാവധി 15,000 രൂപയാണ്. ഇവിടെ പെട്രോൾ കാറിന്റെ ഇന്ധനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താവിന് ലഭിക്കുന്ന ലാഭം 97,800 രൂപ.

മെയിന്റനൻസിലും നേട്ടം

പെട്രോൾ, ഡീസൽ കാറുകൾക്ക് എൻജിൻ, മറ്റ് ഘടകങ്ങൾ എന്നിങ്ങനെ മെയിന്റൻസും ചെലവും ധാരാളമാണ്. എന്നാൽ, ഇലക്‌ട്രിക് കാറുകൾക്ക് പതിവായുള്ള മോട്ടോർ പരിശോധനകൾ മാത്രം മതിയാകും. ബാറ്ററികൾ പൊതുവേ 'മെയിന്റനൻസ് - ഫ്രീ" ആയാണ്. ശ്രദ്ധയോടെ ഉപയോഗിച്ചാൽ, ദീർഘകാല ഈടും ലഭിക്കും. ഓയിൽ ചേഞ്ച് പോലുള്ള പതിവു ചെലവുകളും വേണ്ട.

ഇവിടെ പെട്രോൾ/ഡീസൽ കാറുകൾക്ക് വർഷം 15,000 രൂപ മെയിന്റനൻസ് ചെലവ് കണക്കാക്കിയാൽ ഇലക്‌ട്രിക് കാറുകൾക്ക് ഇതിന്റെ പകുതിയോളമേ വരൂ. അതായത്, ഏകദേശം 7,500 രൂപ.

സാമ്പത്തികാശ്വാസം

പെട്രോൾ കാറിന് പ്രതിവർഷം ഇന്ധനത്തിൽ 1,12,800 രൂപയും മെയിന്റനൻസിന് 15,000 രൂപയും വേണ്ടിവരുമെന്ന ഏകദേശക്കണക്ക് ഉദാഹരണത്തിലൂടെ പറഞ്ഞുവല്ലോ. ഇവിടെ വണ്ടിക്ക് ആകെച്ചെലവ് 1,27,800 രൂപയാണ്. അതേസമയം, ഇലക്‌ട്രിക് വാഹനത്തിന് വരുന്ന ആകെച്ചെലവ് ബാറ്ററി ചാർജിംഗ് ചെലവായ 15,000 രൂപയും മെയിന്റനൻസ് ചെലവായ 7,500 രൂപയും ചേർത്ത് ആകെ 22,500 രൂപ മാത്രം. അതായത്, പെട്രോൾ കാർ ഉപയോഗിച്ചിരുന്ന ഒരാൾ ഇ.വിയിലേക്ക് മാറിയപ്പോൾ പ്രതിവർഷം ചെലവിൽ ലാഭിക്കുന്നത് 1,05,300 രൂപ.

ആദായ നികുതിയിലും നേട്ടം

ഇലക്‌ട്രിക് കാറുകളിലൂടെ മറ്റൊരു നേട്ടം കൂടി ഉപഭോക്താവിന് സ്വന്തമാക്കാൻ അവസരമുണ്ട്. അത്, ആദായ നികുതിയിലെ ഇളവാണ്. ഇലക്‌ട്രിക് കാർ വായ്‌പ വാങ്ങുന്നവർക്ക് ആദായനികുതിയിൽ ഇളവ് കേന്ദ്രസർക്കാർ നൽകുന്നുണ്ട്. എന്നാൽ, പെട്രോൾ/ഡീസൽ വാഹന വായ്‌പയ്ക്ക് ഇതു ലഭ്യമല്ല.

ഇലക്‌ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കേരളത്തിൽ ഇ-വണ്ടികൾക്ക് റോഡ് നികുതി അഞ്ച് ശതമാനമാണ്. എന്നാൽ, പെട്രോൾ/ഡീസൽ കാറിന് 20 ശതമാനത്തോളം വരും.

വളരുന്ന ഇ-വിപണി

ഇന്ധനവില കുത്തനെ കൂടുന്നതിനാലാകാം ഇലക്‌ട്രിക് കാറുകൾക്ക് വിപണിയിൽ ഡിമാൻഡ് കൂടുന്നുണ്ട്. ഹ്യുണ്ടായ് കോന, ടാറ്റ നെക്‌സോൺ ഇ.വി., എം.ജി സെഡ്.എസ് ഇവി എന്നിവയാണ് വിപണിയിൽ വൻ ചലനം സൃഷ്‌ടിച്ച് മുന്നേറുന്ന ഇ-വണ്ടികൾ. ഇതിലെ, ഇന്ത്യൻ നിർമ്മിതമായ ടാറ്റാ നെക്‌സോൺ ഇ.വി ഒരുവർഷത്തിന് മാത്രം സ്വന്തമാക്കിയത് 3,000നുമേൽ ഉപഭോക്താക്കളെയാണ്. കേരളത്തിലും ഇവയ്ക്ക് വൻ പ്രിയമുണ്ട്. പ്രതിമാസ വില്പന 50ലേറെ യൂണിറ്റുകളാണ്.

വേണം, ചാർജിംഗ്

പോയിന്റുകൾ

ഇലക്‌ട്രിക് കാറുകൾ വാങ്ങാൻ പലരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ് ചാർജിംഗ് സ്‌റ്റേഷനുകളുടെ അഭാവം. ഇ-കാറുകൾ വാങ്ങുന്നവരിൽ 99 ശതമാനവും ഇപ്പോൾ വീടുകളിൽ തന്നെയാണവ ചാ‌ർജ് ചെയ്യുന്നത്. വീടിന് പുറത്ത് പൊതു ചാർജിംഗ് ഇടങ്ങൾ തീരെക്കുറവ്. അതുകൊണ്ടു തന്നെ, ഇ-കാറുകൾ ഉള്ളവർ പൊതുവേ ചെറിയ യാത്രകൾക്കോ നഗരയാത്രകൾക്കോ മാത്രമാണ് അവ ഉപയോഗിക്കുന്നത്. ദീർഘദൂര യാത്രകൾ പരിഗണിക്കാറേയില്ല. എന്നാൽ, കൊച്ചിയിലും മറ്റും ഇപ്പോൾ ചില പെട്രോൾ പമ്പുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. കെ.എസ്.ഇ.ബിയും ചാർജിംഗ് സ്‌റ്റേഷനുകൾ ആരംഭിക്കുന്ന പദ്ധതി ആസൂത്രണം ചെയ്‌തിട്ടുണ്ട്.

ശരാശരി 11 മണിക്കൂറാണ് പൊതുവേ ഇലക്‌ട്രിക് കാറുകളുടെ ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ ആവശ്യമായ സമയം. എന്നാൽ, 30 മിനുട്ടിനകം ഫുൾ ചാർജ് സാദ്ധ്യമാക്കുന്ന ഫാസ്‌റ്റ് ചാർജിംഗ് സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്.

നഗരപ്രിയം

ഇലക്‌ട്രിക് കാറുകളുടെ നിർമ്മാണം പൊതുവേ നഗരയാത്രകൾക്ക് ഇണങ്ങുംവിധമാണ്. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുക തന്നെയാണ് ലക്ഷ്യം. അതിനാൽ, ഇലക്‌ട്രിക് വാഹനങ്ങളുടെ സാങ്കേതിക പ്രവർത്തനവും ഈ തരത്തിലാണ്. നഗരങ്ങളിലെ അടിക്കടിയുള്ള ബ്രേക്കിംഗ്, ബാറ്ററി ചാർജ് പെട്ടെന്ന് തീരാതെ സംരക്ഷിക്കും (ഇത് എനർജി റീജനറേഷൻ എന്നറിയപ്പെടുന്നു). ദീർഘദൂര യാത്രയിൽ ഈ നേട്ടം കിട്ടില്ല.

ഇ-ലോകത്തെ

രാജാക്കന്മാർ

ഹ്യുണ്ടായ് കോന

 എക്‌സ്‌ഷോറൂം വില : ₹24 ലക്ഷം

 റേഞ്ച് : 452 കിലോമീറ്റർ

എം.ജി സെഡ്.എസ് ഇ.വി

 എക്‌സ്‌ഷോറൂം വില : ₹20-24 ലക്ഷം

 റേഞ്ച് : 419 കിലോമീറ്റർ

ടാറ്റാ നെക്‌സോൺ ഇ.വി

 എക്‌സ്‌ഷോറൂം വില : ₹13-16 ലക്ഷം

 റേഞ്ച് : 312 കിലോമീറ്റർ

മഹീന്ദ്ര എക്‌സ്.യു.വി 300 ഇലക്‌ട്രിക്

 പ്രതീക്ഷിക്കുന്ന വില : ₹18 ലക്ഷം

 റേഞ്ച് : 300 കിലോമീറ്റർ

ടാറ്റാ അൾട്രോസ് ഇ.വി

 പ്രതീക്ഷിക്കുന്ന വില : ₹12-15 ലക്ഷം

 റേഞ്ച് : 300 കിലോമീറ്റർ

ടെസ്‌ല മോഡൽ എസ്

 പ്രതീക്ഷിക്കുന്ന വില : ₹55-60 ലക്ഷം

 റേഞ്ച് : 500 കിലോമീറ്റർ.