
കെ. സുരേന്ദ്രന്റെ ജന്മശതാബ്ദി ഇന്ന്
വളരെ യാദൃശ്ചികമായിട്ടാണ് ഞാൻ കെ. സുരേന്ദ്രനെ കണ്ടുമുട്ടുന്നത്. 1964 ഒടുവിൽ ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ എനിക്കിവിടെ പരിചയക്കാരാരുമില്ല. കഷ്ടിച്ച് ജി. വിവേകാനന്ദനെ അറിയും. കള്ളിച്ചെല്ലമ്മയും പൊട്ടൻനീലാണ്ടനുമൊക്കെ വായിച്ച് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. ഒരിക്കൽ ജഗതിയിലെ 'കല്പന"യിൽ വിവേകാനന്ദനെ കാണാൻ ചെന്നു. ഒരുതരം ആശങ്കയുണ്ടായിരുന്നു എനിക്ക്. അതിപ്രശസ്തനായ ഒരെഴുത്തുകാരൻ എന്നെ ഗൗനിക്കുമോ.
പ്രതീക്ഷിച്ചതിന് വിപരീതമായി അദ്ദേഹം എന്നെ വിളിച്ചിരുത്തി. എന്നെക്കുറിച്ച് ചിലതൊക്കെ അദ്ദേഹം താത്പര്യത്തോടെ ചോദിച്ചു. അതിനിടയ്ക്ക് അദ്ദേഹം മറ്റൊരു ചോദ്യം ചോദിച്ചു: തനിക്കിവിടത്തെ എഴുത്തുകാരുമായി പരിചയമുണ്ടോ?
എവിടന്ന്!
തിരുവനന്തപുരം എന്ന മഹാനഗരിയിലെ എഴുത്തുകാരിൽ ആരെയും എനിക്ക് പരിചയമില്ല.
ഉടനെ വിവേകാനന്ദൻ സാറ് ഇരിക്ക് എന്ന് ആംഗ്യം കാണിച്ചതിന് ശേഷം അകത്തേക്ക് പോയി. തിരിച്ചുവന്നത് നാല് എഴുത്തുകളുമായിട്ടാണ്. കേശവദേവിന്, കെ. സുരേന്ദ്രന്, മലയാറ്റൂർ രാമകൃഷ്ണന്, എൻ. മോഹനന്. മടങ്ങിപ്പോരുന്ന വഴിക്ക് വഴുതക്കാട് ഫോറസ്റ്റ് ലെയ്നിലാണ് സുരേന്ദ്രൻ സാറിന്റെ വീട്. നവരംഗം. ഞാൻ ചെന്ന് ഗേറ്റിൽമുട്ടി. വരാന്തയിൽ എന്തോ വായിച്ചുകൊണ്ടിരുന്ന സുരേന്ദ്രൻ സാറ് മുഖമുയർത്തി നോക്കി. യാതൊരു പരിചയവുമില്ലാത്ത ഏതോ ഒരു ചെറുപ്പക്കാരൻ. വല്ല പിരിവിനും വന്നതായിരിക്കും എന്ന് വിചാരിച്ചോ എന്തോ അദ്ദേഹം വീണ്ടും വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലേക്ക് മുഖം താഴ്ത്തി. കൈയിലെ എഴുത്തെടുത്ത് പൊക്കിക്കാണിച്ച് ഉറക്കെ പറഞ്ഞു- 'സാറിന് ഒരു കത്തുണ്ട്. വിവേകാനന്ദൻ സാറിന്റെ."
വായിച്ചുകൊണ്ടിരുന്ന തടിയൻ പുസ്തകം മടക്കിവച്ച് അദ്ദേഹം എഴുന്നേറ്റുവന്നു. ഗേറ്റിനു പുറത്തുനിന്ന് ആ എഴുത്ത് ഞാൻ സുരേന്ദ്രൻ സാറിനെ ഏല്പിച്ചു. എഴുത്ത് വായിച്ചു കഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞു: 'പെരുമ്പടവം ശ്രീധരൻ, അല്ലേ? അകത്തേക്ക് വരൂ."
ഞാൻ വളരെ വിനയത്തോടെ സാറിന്റെ മുമ്പിൽ ചെന്നിരുന്നു. പിന്നെ എന്റെ അകംപുറങ്ങൾ വായിക്കുന്ന മട്ടിലുള്ള ചോദ്യങ്ങളായിരുന്നു തുടരത്തുടരെ." അഭയം എഴുതാൻ എന്തായിരുന്നു കാരണം? അഭയത്തിലെ സേതുലക്ഷ്മിയെ നേരിട്ട് പരിചയമുണ്ടായിരുന്നോ? ഒരു പ്രണയകഥയിൽ ആ ദുരന്തബോധം ചേർത്തുവയ്ക്കാൻ എന്തായിരുന്നു പ്രേരണ? എന്നങ്ങനെ കുറെ ചോദ്യങ്ങൾ. 'അഭയം" സാറിന് ഇഷ്ടമായി എന്നുമാത്രം എനിക്ക് മനസിലായി.
അങ്ങനെ തുടങ്ങിയ ആ സൗഹൃദം ആഴമേറിയ ഒരാത്മബന്ധമായിതീർന്നു. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ നടക്കാൻ പോകും. അപ്പോൾ ആയിടെ വായിച്ച മികച്ച സാഹിത്യകൃതികളെക്കുറിച്ചും മികച്ച എഴുത്തുകാരെക്കുറിച്ചും വികാരവായ്പോടെ പറയും. ആദ്യംതൊട്ടേ സാറിന്റെ നോവലുകളിൽ തെളിഞ്ഞുകണ്ട ചിന്തയുടെ ഭാരം അല്ലെങ്കിൽ ചിന്തയുടെ സൗന്ദര്യം എന്നെ ആകർഷിച്ചിരുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യബോധം, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ആഘോഷിക്കുന്നതുപോലെ ഞാൻ വേറെ എവിടെയും കണ്ടിരുന്നില്ല. മലയാള നോവലിൽ ചിന്തയുടെ സ്വാതന്ത്ര്യം തന്റെ കലയുടെ കൊടിയടയാളമാക്കി ഉയർത്തിപ്പിടിച്ചത് സുരേന്ദ്രൻ സാറാണ്. 'സ്വാതന്ത്ര്യം തന്നെ ജീവിതം"- അതായിരുന്നു അദ്ദേഹത്തിന്റെ ഒരു കൃതിയുടെ പേര് തന്നെ.
കവിതയിൽ തുടങ്ങി കഥയിൽ പകർന്നാടി നാടകത്തിൽ ജീവിതത്തിന്റെ സംഘർഷങ്ങൾ പങ്കുവച്ച് തുടങ്ങിയ എഴുത്ത് പിന്നെ നോവലിൽ സർഗാത്മകതയുടെ ആകാശങ്ങൾ കാട്ടിത്തന്നു. താളം, മായ, കാട്ടുകുരങ്ങ്, ജ്വാല, ശക്തി തുടങ്ങിയ നോവലുകൾ അവയുടെ വൈകാരിക മൂർച്ഛകൊണ്ട് വായനക്കാരെ ആകർഷിച്ചു. ഗുരുവും മരണം ദുർബലവും ക്ഷണ പ്രഭാചഞ്ചലവും ദേവിയുമൊക്കെ ക്ളാസിക്കുകളുടെ നിലയ്ക്കാണ് വായനക്കാർ സ്വീകരിച്ചത്. 'മരണം ദുർബലം" സഹനത്തിന്റെയും സങ്കീർണതയുടെയും ആത്മസംഘർഷങ്ങളുടെയും അപാരതകൾ കാട്ടിത്തന്നു. അവയൊക്കെ വായിച്ചുണ്ടാക്കിയ ആരാധന കൊണ്ടാണ് ഞാൻ എന്നും സുരേന്ദ്രൻ സാറിനെ കണ്ടിരുന്നത്.
'ഗുരു" എഴുതുന്ന കാലത്ത് ഇടയ്ക്കിടയ്ക്ക് വൈകുന്നേരങ്ങളിൽ സാറെന്നെ സായാഹ്ന യാത്രയ്ക്ക് കൂട്ടിനു വിളിക്കും. അത്തരം യാത്രകളിൽ എഴുത്തനുഭവങ്ങളെക്കുറിച്ചും അദ്ദേഹം അനുഭവിച്ച ആത്മസംഘർഷങ്ങളെക്കുറിച്ചും പറയും. സുരേന്ദ്രൻ സാറിന് വിശ്വാസവും ഭക്തിയുമൊക്കെ കുറവായിരുന്നു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കഠിനമായ എതിർപ്പ് അദ്ദേഹം എന്നും സൂക്ഷിച്ചു. ശ്രീനാരായണഗുരുവിനെ ലോകഗുരുവായി അദ്ദേഹം കണ്ടിരുന്നു. ഗുരു എഴുതുമ്പോൾ അറിയാതെ ആ അഭൗമതേജസിന് മുമ്പിൽ കീഴടങ്ങി. അത്തരം അസാധാരണ നിമിഷങ്ങൾ അദ്ദേഹം മനസിൽ സൂക്ഷിച്ചിരുന്നു.
ടോൾസ്റ്റോയിയുടെ കഥയും ദസ്തയേവ്സ്കിയുടെ കഥയും വായിച്ചുകഴിഞ്ഞപ്പോൾ വിശ്വസാഹിത്യത്തിലെ രണ്ട് കൊടുമുടികൾ കയറിയിറങ്ങിയ അനുഭവമായിരുന്നു എനിക്ക്. 'ഒരു സങ്കീർത്തനംപോലെ " എനിക്കത് സുരേന്ദ്രൻ സാറിനെ കാണിക്കാൻ പേടിയായിരുന്നു. ദസ്തയേവ്സ്കിയെ അരച്ചുകലക്കി കുടിച്ച സാറിന് എന്റെ നോവൽ വായിക്കുമ്പോൾ എന്തു തോന്നും? എങ്കിലും സാറ് വായിച്ചാലേ എനിക്ക് സമാധാനമാകുമായിരുന്നുള്ളൂ. 'ഒരു സങ്കീർത്തനംപോലെ" വായിച്ചതിനുശേഷം സാറ് എന്നെ അനുഗ്രഹിച്ചു. ഇതായിരുന്നു പ്രശംസാവചനം: 'ഇറ്റീസ് എ ഗ്രേറ്റ് വർക്ക്."
സുരേന്ദ്രൻ സാറ് രോഗിയായി കിടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഞാൻ ചെന്ന് കാണുമായിരുന്നു. എട്ടൊൻപത് മാസം അദ്ദേഹം കിടപ്പിലായിരുന്നു. ഷംല എന്ന ഹോംനഴ്സാണ് സാറിനെ ശുശ്രൂഷിച്ചിരുന്നത്. ഒരിക്കൽ കാണാൻ ചെന്നപ്പോൾ ആ കുട്ടി പറഞ്ഞു: സാറിന്നലെ പച്ചമഷി നിറച്ച പേന ചോദിച്ചു. 'ദുഃഖപുത്രി" എന്ന നോവലെഴുതാൻ. ദുഃഖപുത്രിയെക്കുറിച്ച് സാറ് ഞങ്ങളോടും പറഞ്ഞു: 'one who is in love with sufferings".
അപ്പോൾ എന്നോടൊപ്പം പി. രവികുമാറുമുണ്ടായിരുന്നു. സാറ് തീരെ അവശതയിലായിരുന്നു. കൈ അനക്കാൻ പറ്റുന്നില്ല. കഠിനമായ വേദന.
ഷംല പറഞ്ഞു: 'രണ്ടുമൂന്ന് ദിവസമായിട്ട് സാറിന്റെ മുഖത്തിന് നല്ല പ്രകാശമുണ്ട്. ദൈവപ്രസാദം കൊണ്ടായിരിക്കും."
ഞങ്ങൾ അരികിൽ നിൽക്കുമ്പോൾ കഷ്ടപ്പെട്ടു ചരിഞ്ഞു കിടക്കുന്നതിനിടയിൽ സുരേന്ദ്രൻ സാറ് ഞങ്ങളുടെ നേരെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
'I would rather go."
അത് യാത്ര പറയലാണെന്ന് അപ്പോൾ ഓർത്തില്ല.
(ലേഖകന്റെ ഫോൺ: 9447157311)