
വർഷം 1968. ചെമ്പഴന്തി എസ്.എൻ  കോളേജിൽ യൂണിയൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ.എസ്. യുവിന്റെ സ്ഥാനാർത്ഥിയായ ഒരു കൗമാരക്കാരൻ അച്ചടിശാലകൾ വിരളമായ അക്കാലത്ത് കോളേജ് ഇലക്ഷൻ അച്ചടിയുമായി ബന്ധപ്പെട്ട് എത്തിയത് കമ്മ്യൂണിസ്റ്റുകാരുടെ താവളമായിരുന്ന പേട്ടയിലെ മിനർവ പ്രസിൽ. പ്രസ് ഉടമയോട് കാര്യം പറഞ്ഞു. ''കോളേജ് തിരഞ്ഞെടുപ്പിൽ കെ. എസ്.യുവിനു വേണ്ടി മത്സരിക്കുന്ന എനിക്ക് അടിയന്തരമായി ഒരു നോട്ടീസ് അച്ചടിച്ചു നൽകണം.""
അതാകട്ടെ ഇടതു വിദ്യാർത്ഥി സംഘടനയെ വിമർശിച്ചും കടന്നാക്രമിച്ചുള്ള ഒരു ലഘുലേഖയും. മാറ്റർ വായിച്ചിട്ട് ഉടമയുടെ മറുപടി.
''ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്. കമ്മ്യൂണിസ്റ്റുകാരുടെ കടലാസുകൾ ആണ് ഇവിടെ അച്ചടിക്കുന്നത്. എന്റെ പാർട്ടിക്കെതിരെയുള്ള ഒരു നോട്ടീസും ഞാൻ അച്ചടിക്കാറില്ല."
''അപ്പോൾ നിങ്ങൾ അച്ചടി ജോലി നടത്തി ജീവിക്കാൻ അല്ലേ പ്രസും തുറന്നിരിക്കുന്നത്." "കൊടിയുടെ നിറം നോക്കിയാണോ അച്ചടി." കൗമാരക്കാരൻ തിരിച്ചടിച്ചു.
പ്രസ് ഉടമ തല ഉയർത്തി അവനെ നോക്കി. 
''എവിടെയാ നിന്റെ വീട് ?""
''കണിയാപുരത്ത്. ""
പ്രസ് ഉടമ - ''അലിക്കുഞ്ഞി ശാസ്ത്രിയുടെ നാട്ടുകാരൻ ആണല്ലോ ""
''അവിടെ ആരുടെ മോനാ ""
''ഞാൻ വാടയിൽ മുഹമ്മദ് കാസിമിന്റെ മകനാണ്. ""
പ്രസുടമയുടെ മുഖം വിടർന്നു. വാടയിൽക്കാരന്റെ മോനാണല്ലേ.
പരസ്പര വാഗ്വാദങ്ങൾ അവസാനിപ്പിച്ച് നോട്ടീസ് കൃത്യസമയത്തുതന്നെ കുറഞ്ഞ നിരക്കിൽ പ്രസുടമ അച്ചടിച്ചു നൽകി. ആ കൗമാരക്കാരൻ കോളേജ് ഭാരവാഹി തിരഞ്ഞെടുപ്പിൽ വിജയിച്ചു. കണിയാപുരത്തെ സ്വാതന്ത്ര്യസമരസേനാനി വാടയിൽ മുഹമ്മദ് കാസിമിന്റെ മകൻ മൂന്നുതവണ നിയമസഭാംഗമായ എം.എ. വാഹിദ് ആയിരുന്നു ആ കൗമാരക്കാരൻ. പ്രസുടമ കമ്മ്യൂണിസ്റ്റു സഹയാത്രികനായിരുന്ന മിനർവ ശിവാനന്ദനും.
ശിവാനന്ദന്റെ മിനർവയിൽ അച്ചടി നടത്തിയിരുന്ന ഒരേയൊരു കോൺഗ്രസുകാരൻ വാഹിദ് ആയിരിക്കും. അല്ലെങ്കിൽ ശിവാനന്ദൻ ആദ്യമായി ഒരു കോൺഗ്രസ് പ്രചാരണ നോട്ടീസ് അച്ചടിച്ചതും വാഹിദിന് വേണ്ടിയായിരിക്കും. വിരുദ്ധ രാഷ്ട്രീയ ചേരിയിൽ നിന്നിട്ടും പരസ്പരം രാഷ്ട്രീയ രഹസ്യങ്ങൾ ഇരുവരിൽ നിന്നും ചോർന്നില്ല. "വക്കീലേ എന്ന് നീട്ടിയുള്ള വിളിയും നാലുപതിറ്റാണ്ട് നീണ്ട ആ സൗഹൃദവും മിനർവ ശിവാനന്ദന്റെ മരണം വരെയും ദൃഢമായിരുന്നു. അണ്ടൂർക്കോണം പഞ്ചായത്തിൽ തുടങ്ങി പല സ്ഥാനമാനങ്ങൾ ഏറ്റെടുക്കുമ്പോഴും വാഹിദിന്റെ അച്ചടിയെല്ലാം മിനർവയിലായിരുന്നു.
1967 കണിയാപുരം മുസ്ളിം ഹൈസ്കൂൾ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായായിരുന്നു വാഹിദിന്റെ രാഷ്ട്രീയ തുടക്കം. തുടർന്ന് തുമ്പ സെന്റ് സേവിയേഴ്സ്, ചെമ്പഴന്തി എസ്.എൻ. കോളേജിലും തുടർവിദ്യാഭ്യാസം. എസ്.എൻ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി. 1972ൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ്, 75ൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, 92-ൽ കെ.പി.സി.സി മെമ്പറും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായി. 75ൽ പി.എസ്.സി ടെസ്റ്റിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. സർക്കാർ സർവീസിൽ പ്രവേശിച്ചു. മൂന്നുവർഷത്തെ സേവനം മതിയാക്കി വീണ്ടും സജീവ രാഷ്ട്രീയത്തിൽ. 87-ൽ നിയമ ബിരുദം നേടി കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 88-ൽ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റായി. 95-ൽ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലറായും പ്രതിപക്ഷ നേതാവായും തിരഞ്ഞെടുക്കപ്പെട്ടു. 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയിൽ ഇടതു വലതു മുന്നണികളെ ഞെട്ടിച്ച് സ്വതന്ത്രനായി കഴക്കൂട്ടത്ത് നിന്ന് വിജയിച്ചു. തുടർന്ന് രണ്ടുതവണ കൂടി കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച് തുടർച്ചയായി മൂന്നുതവണ കഴക്കൂട്ടത്തിന്റെ ജനപ്രതിനിധിയായി. ഒട്ടേറെ വികസന പദ്ധതികൾ വാഹിദിനെ കൈയൊപ്പ് പതിഞ്ഞവയാണ്.
വാഹിദിന് പ്രായം 70 പിന്നിടുമ്പോൾ അഞ്ചര പതിറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയം മുന്നോട്ടുള്ള തുടർയാത്രകൾക്ക് എന്നും തണലാകും.
ലേഖകന്റെ ഫോൺ: 9037545565.