
മലയാളികൾക്ക് സ്വന്തം നാട്ടിൽ നിയമനിയന്ത്രണങ്ങളോട് പലപ്പോഴും പുച്ഛമാണ്. പക്ഷേ നാടിന് വെളിയിൽ പഞ്ചപുച്ഛമടക്കി നിയമം അനുസരിക്കും. കൊവിഡ് കേരളത്തിൽ കീഴടങ്ങാൻ ഇപ്പോഴും മടികാട്ടുന്നത് അക്ഷന്തവ്യമായ അനാസ്ഥയുടെയും സൂക്ഷ്മതക്കുറവിന്റെയും ഫലമായാണ്. ഈ സാഹചര്യത്തിൽ സാമൂഹിക ആരോഗ്യപരിപാലനത്തിൽ കണ്ണിയായ ഒരു ഡോക്ടർ എന്ന നിലയിൽ ചിലത് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.
ആഘോഷങ്ങൾക്ക് വിലക്ക് കൽപ്പിച്ചിരുന്ന സമയത്ത് വൈറസ് വ്യാപനം കുറെയൊക്കെ പിടിച്ചുകെട്ടാൻ നമുക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇളവുകൾ വന്നപ്പോൾ കടിഞ്ഞാണുകൾ ഏല്ലാം ഒരേപോലെ കൈവിട്ട അവസ്ഥയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള ഘടകങ്ങൾ വൈറസ് വ്യാപനത്തോത് കുറയാതെ നിറുത്തുന്നതിൽ അതിന്റേതായ പങ്കുവഹിച്ചു. കൊവിഡിനെക്കുറിച്ച് മുമ്പുണ്ടായിരുന്ന ഭയം ഇപ്പോഴില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഭയത്തിനൊപ്പം ജാഗ്രതയും കൈമോശം വന്നതാണ് ഏറ്റവും വലിയ അപകടം.
'ബ്രേക്ക് ദ ചെയിൻ" കാലഹരണപ്പെട്ട സംഗതിയായി മാറിയതുപോലെയാണ് പലരുടെയും സാമൂഹ്യ ഇടപെടലുകൾ. തിരുവനന്തപുരം- കൊല്ലം ദേശീയ പാതയോരത്തെ ദിവസേന ആയിരങ്ങളെത്തുന്ന ഒരു ഫ്യുവൽ സ്റ്റേഷനിലെ അവസ്ഥ ഞെട്ടിച്ചു കളഞ്ഞു. പലരും ഉപയോഗിക്കുന്ന അവിടുത്തെ ശുചിമുറി സമുച്ചയത്തിൽ ഹാൻഡ് വാഷോ ഫൂട്ട് ഓപ്പറേറ്റഡ് സാനിറ്റൈസർ സംവിധാനമോ ഇല്ല. മറ്റ് പല പൊതു - സ്വകാര്യ സ്ഥാപനങ്ങളിലും ഇതുതന്നെ അവസ്ഥ. വിവാഹ - ആഘോഷ വേദികളിൽ പഴുതടയ്ക്കാൻ പനിനീർ തളിപ്പുകാരായി ജീവനക്കാരെ മുന്നിൽ നിറുത്തി ശുദ്ധികലശ നാടകം അരങ്ങേറുകയും ചെയ്യുന്നു. രാഷ്ട്രീയ ജാഥകളിലും സമരങ്ങളിലും സാമൂഹികാകലം പാലിക്കപ്പെടാത്ത ദുരവസ്ഥയുണ്ട്. മാസ്ക് മാറ്റിയുള്ള വികാരവിക്ഷോഭ പ്രകടനങ്ങൾ വേറേ. സിനിമാ തിയേറ്ററുകൾ സാമൂഹിക അകല വിലക്കുകളില്ലാതെ അനുസ്യൂതം പ്രവർത്തിക്കുന്നതിനുള്ള കേന്ദ്രാനുമതിയും ലഭിച്ചുകഴിഞ്ഞു. ബ്രേക്ക് ദ ചെയിൻ സംവിധാനത്തെത്തന്നെ ബ്രേക്ക് ചെയ്യുകയാണ് ഇത്തരം പ്രവൃത്തികൾ.
അമിത സ്വാതന്ത്ര്യം അപകടം തന്നെയാണ്. വാക്സിൻ എടുത്താലും മാസ്കും ബ്രേക്ക് ദ ചെയിനും അടുത്തെങ്ങും ഉപേക്ഷിക്കാൻ പറ്റില്ല . കൂടുതൽ മാരകമായ മ്യൂട്ടേഷൻ സ്ട്രെയിൻ ഉള്ള വൈറസ് ഉയർത്തുന്ന ഭീഷണിയും വിട്ടൊഴിഞ്ഞിട്ടില്ല. അതുകൊണ്ട് ബ്രേയ്ക് ദ ചെയിൻ സംരക്ഷണം നിർബന്ധിത ദൈനംദിന ജീവിതവ്യവഹാര ഘടകമായി ഗണ്യമായ പിഴ ചുമത്തി നടപ്പാക്കിയാലേ മലയാളി പഠിക്കൂ .എല്ലാ പൊതുസ്ഥലത്തും കടകളിലും (പെട്ടിക്കടകളുൾപ്പടെ ) സൗജന്യമായി ഹാൻഡ്വാഷ് / സാനിറ്റൈസർ നിയമം വഴി നിർബന്ധമാക്കണം. ഫൂട്ട് ഓപ്പറേറ്റിംഗ് സാനിറ്റൈസർ ഡിസ്പെൻസിംഗ് സംവിധാനം തന്നെ ഉണ്ടാകണം. ഇതില്ലെങ്കിൽ ആ സ്ഥാപനങ്ങൾക്ക് താത്കാലിക ലോക്ക് ഡൗണും വൻ പിഴയും വരുമെന്ന് ഉറപ്പാക്കണം. മാസ്ക് ഇടാത്ത അവസ്ഥ, അനാവശ്യ കൂട്ടംകൂടൽ, അനുവാദമില്ലാത്ത ആഘോഷങ്ങളും രാഷ്ട്രീയ കവലസമ്മേളനങ്ങളും ഒക്കെ നിരോധിക്കണം. പിഴ ശിക്ഷ ഏർപ്പെടുത്തുക വഴി സർക്കാരിന് കൊവിഡ് പ്രതിരോധത്തിലേക്കുള്ള വരുമാനവും പൗരൻമാർക്ക് ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാം. ഈ രീതി അവലംബിച്ചിട്ടുള്ള വിദേശ രാജ്യങ്ങളിലെ സംവിധാനങ്ങൾ മാതൃകയാക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയാണിത്. തിരഞ്ഞെടുപ്പ് കുറച്ചുനാളേക്ക് മാറ്റിവച്ചാലും കാക്ക മലർന്നൊന്നും പറക്കില്ല. എന്നാൽ കൊവിഡിനെ കണ്ടുപഠിച്ചില്ലെങ്കിൽ കൊണ്ട് പഠിക്കേണ്ടിവരും. അതത്ര സുഖകരമായ ഒരു സംഗതി ആയിരിക്കുകയുമില്ല.
ലേഖകൻ കൊല്ലം മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ സർജറി വിഭാഗം തലവനാണ്. ഫോൺ:- 9447051030