
 മൂന്ന് പുതിയ കാർഷിക നിയമങ്ങളുടെ ഉള്ളടക്കത്തോടൊപ്പം കേന്ദ്രസർക്കാർ ബില്ലുകൾ അവതരിപ്പിച്ച രീതിയും കർഷക സമരത്തെ നേരിടുന്നതിനുള്ള നടപടികളും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ജനുവരി 26 ന് നടന്ന അക്രമാസക്തമായ സംഭവങ്ങൾക്ക് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ദേശീയ തലസ്ഥാന മേഖലയുടെ പല അതിർത്തികളിലും ഇന്റർനെറ്റ് സേവനം ആവർത്തിച്ച് നിറുത്തലാക്കി. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള തടസങ്ങളൊന്നും പുതുമയല്ല. ലോകത്തിലെ മറ്റേതു ജനാധിപത്യ രാജ്യങ്ങളെക്കാളും കൂടുതൽ തവണ ഇന്റർനെറ്റ് നിഷേധമുണ്ടായിട്ടുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ നാനൂറിലധികം തവണയാണ് ഇതുണ്ടായത്. ജമ്മുകാശ്മീരിൽ പ്രത്യേക പദവി പിൻവലിച്ച് 223 ദിവസങ്ങൾക്കു ശേഷമാണ് ചില ഭാഗങ്ങളിലെങ്കിലും ഡിജിറ്റൽ ബന്ധം വീണ്ടെടുക്കാനായത്. ലോകത്തെവിടെയും ഇത്ര ദൈർഘ്യമേറിയ കാലയളവിലേക്ക് ഇതുണ്ടായിട്ടില്ല.
മ്യാൻമറിന്റെയും ഹോങ്കോങ്ങിന്റെയും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രതിഷേധ സൈറ്റുകളും സമാനമായ നടപടികളാണ് സ്വീകരിച്ചത്. കൂടുതൽ വികസിത ജനാധിപത്യ രാജ്യങ്ങളിൽ പോലും സമീപകാലത്ത് ഇത്തരം ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, അക്രമാസക്തമായ യെല്ലോ വെസ്റ്റ് പ്രസ്ഥാനം പൂർണ തോതിലുള്ള കലാപങ്ങളിലേക്ക് നീങ്ങുന്നത് തടയാൻ ഫ്രാൻസിലെ മാക്രോൺ സർക്കാർ ശ്രമിച്ചതിനാൽ വലിയൊരു വിഭാഗത്തിന് ഇന്റർനെറ്റ് ലഭ്യമാക്കാതെയിരുന്നിട്ടുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് ജനങ്ങൾക്ക് നൽകുന്ന കൂട്ടായ ശിക്ഷയുടെ രൂപമാണെന്നും അവരുടെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലുമുള്ള സർക്കാരുകളുടെ അതിരുകടന്ന ഇടപെടലുമാണെന്നാണ് യു.എൻ മനുഷ്യാവകാശ സംഘടനകളടക്കം വിലയിരുത്തുന്നത്. പൊതു അടിയന്തരാവസ്ഥകളിലും പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ടെലികോം സേവനങ്ങൾ നിറുത്തിവയ്ക്കാൻ നിലവിൽ ഇന്ത്യൻ നിയമത്തിൽ അവ്യക്തമായ വ്യവസ്ഥകളേയുള്ളൂ.
ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ഇന്റർനെറ്റിലൂടെയുള്ള വ്യാപാരം, ബിസിനസ്, തൊഴിൽ എന്നിവയ്ക്കുള്ള സ്വാതന്ത്ര്യത്തോടൊപ്പം 2020 ൽ ഇന്റർനെറ്റ് മൗലികാവകാശമാണെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. മഹാമാരിയോട് പോരാടുന്ന ഈ കാലയളവിൽ ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിന്റെ ആഘാതം കൂടുതൽ വ്യക്തമാണ്. കൊവിഡ് 19 കാലഘട്ടത്തിൽ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ളവരും ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരും ചെറിയ തടസങ്ങളില്ലാതെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അതേസമയം ഈ സാഹചര്യത്തിൽ ഡിജിറ്റൽ സാക്ഷരതയോ കണക്ടിവിറ്റിയോ ഇല്ലാത്തവർ സാമൂഹികവും സാമ്പത്തികവുമായ എല്ലാ വ്യവസ്ഥകളിൽ നിന്നും സ്വയം വിട്ടുനിൽക്കുകയാണ്. ഈ പ്രതിസന്ധിഘട്ടങ്ങളിൽ ഡിജിറ്റൽ കണക്ടിവിറ്റിയുടെ നിഷേധം ആഴത്തിലുള്ള സാമൂഹിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ ആരോഗ്യ-ക്ഷേമ മുന്നറിയിപ്പുകളിൽ നിന്ന് ദുർബലരായ ഭൂരിഭാഗവും ഒഴിവാക്കപ്പെടുന്നുണ്ട്. പ്രായമേറിയവർ, ഗർഭിണികൾ എന്നിവരുൾപ്പെടെ വൈറസിന്റെ ദോഷഫലങ്ങൾക്ക് ഏറ്റവും സാദ്ധ്യതയുള്ള രോഗികളുടെ ക്ഷേമം നിരീക്ഷിക്കാൻ നിലവിൽ ആശുപത്രികൾ ഉപയോഗിക്കുന്ന സുപ്രധാന ഡിജിറ്റൽ സേവനങ്ങളിൽ ഇടവേളകളുണ്ടാകുന്നു.
ഇപ്പോൾ മിക്കവാറും എല്ലാ ക്ലാസുകളിലും ഓൺലൈനിൽ അദ്ധ്യയനം നടത്തുന്നതിനാൽ പഠന മാർഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളും ഒഴിവാക്കപ്പെടും. ഇതുപോലുള്ള ഇന്റർനെറ്റ് ബന്ധം അസ്ഥിരമായ പ്രദേശങ്ങളിൽ നിന്ന് മാദ്ധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ പുറം ലോകത്തെത്തിക്കുന്നതും അസാദ്ധ്യമായി മാറുന്നു. ഇന്ന് ഐ.ടി, ധനകാര്യ, കൺസൾട്ടിംഗ് സേവനങ്ങൾ ഉൾപ്പെടെ മിക്ക ഉയർന്ന തൊഴിൽമേഖലകളിലും ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുന്ന പ്രദേശങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ മരവിക്കും. ഇത് സാമ്പത്തികോത്പ്പാദനത്തിൽ വൻതോതിൽ തടസങ്ങൾ സൃഷ്ടിക്കും. ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ ഫലമായി 2020ൽ ഇന്ത്യയ്ക്ക് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. ചെലവുകളും അസൗകര്യങ്ങളും ഉണ്ടെങ്കിലും അത്യപൂർവമായി ചില അവസരങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിക്കൽ അനിവാര്യമായി മാറുന്നു. എന്നിരുന്നാലും സമീപകാലത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലോക്ഡൗണുകളൊന്നും ശരിയായ നടപടികളായിരുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽ മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമാണ് അവ നടപ്പിലാക്കേണ്ടത്. അതോടൊപ്പം സമാന്തരമായി അടിയന്തര പ്രതികരണത്തിനും ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ദുരിതാശ്വാസ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. നൂതന ഡിജിറ്റൽ കണ്ടെത്തലുകൾക്ക് അനുസൃതമായി നിയമ നിർവഹണ ഏജൻസികൾ അവയുടെ സൈബർ ഡിവിഷനുകളുടെ നിലവാരമുയർത്തുന്നതിലൂടെ നിരവധി ബദൽ മാർഗങ്ങൾ ലഭ്യമാകും. ബഹുജന നിരീക്ഷണ സംവിധാനം, ആശയവിനിമത്തിലെ തടസങ്ങളെ പ്രതിരോധിക്കുന്ന സംവിധാനമുൾപ്പെടെയുള്ള ചില സാങ്കേതികവിദ്യകളുടെ ഉപയോഗം അവയുടേതായ ധാർമ്മിക വിഷമതകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആഗോളവത്കരണം, ഡിജിറ്റൽവത്കരണം, കണക്ടിവിറ്റി എന്നിവ ത്വരിതപ്പെടുത്തുമ്പോൾ സുരക്ഷാ ആശങ്കകൾ ക്കെതിരായി സ്വാതന്ത്ര്യത്തെ തുലനം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ള വെല്ലുവിളിയായി മാറും. ഗവൺമെന്റുകളുടെ അതിരുകടന്ന നടപടികളെ ആശ്രയിക്കാതെ ഈ വെല്ലുവിളികളെ നേരിടാൻ ചട്ടക്കൂടുകൾ സൃഷ്ടിക്കുന്നതിനുള്ള അധികാരവും വൈദഗ്ദ്ധ്യവുമുള്ള ആധുനിക സ്വതന്ത്ര സ്ഥാപനങ്ങളെ സർക്കാരുകൾ പ്രത്യേകിച്ചും ജനാധിപത്യ രാജ്യങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്.
( ലേഖകൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കോ-കോർഡിനേറ്ററും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ബിരുദധാരിയുമാണ്. )