
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വനിതാ ഫീൽഡ് സ്റ്റാഫിനെ ആക്രമിച്ച പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ ഹബീബാണ് (24) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ വിഴിഞ്ഞം ആമ്പൽക്കുളം ഭാഗത്തുവച്ച് ആരോഗ്യവകുപ്പ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഫീൽഡ് സ്റ്റാഫിനെ ഭവനസന്ദർശനത്തിന് പോകവെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രിയോടെ പൂവാർ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും പ്രതിയെ പിടികൂടി. വിഴിഞ്ഞം എസ്.ഐ ശ്രീജിത്, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ഹബീബിനെതിരെ വിഴിഞ്ഞം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.