ddd

കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ ഷാഡോ പൊലീസ് ഒളിത്താവളത്തിൽ നിന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസമായി റൂറൽ ഷാഡോ പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഉണ്ണിയെ ഓടിച്ച് പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാധനങ്ങൾ ഒളിപ്പിച്ചിരുന്നത്. വീട്ടിൽ നിന്നും ടാബ്, നാണയത്തുട്ടുകൾ, മൊബൈൽ, 2000 റബർ ഷീറ്റുകൾ, കാർ സ്റ്റീരിയോ, ടയറുകൾ, ബാറ്ററി ഇൻവേർട്ടർ, സ്റ്റേഷനറി ഫാൻസി ഉത്പന്നങ്ങൾ, എയർ ഹോൺ, കല്ല്യാണ സാരികൾ, ഷർട്ടുകൾ, ഉരുളി, മാസ്‌ക്, പാചകവാതക സിലിണ്ടറുകൾ, ചെരുപ്പുകൾ, മോഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ, ടേപ് റെക്കാഡർ, മൂന്ന് കന്നാസുകളിൽ 100 ലിറ്റർ ഡീസൽ എന്നിവ കണ്ടെത്തി. കൂടാതെ ഇൻഡിക്ക,​ സുമോ,​ ആട്ടോ റിക്ഷ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങൾ ഇയാളുടെ ഭാര്യയുടെ പേരിലാണുള്ളത്. കൂടുതൽ അന്വേഷണത്തിന് പ്രതിയെ പാറശ്ശാല പൊലീസിന് കൈമാറി.