
പഴയങ്ങാടി: പാപ്പിനിശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ഇരിണാവ് റോഡിലുള്ള എ.ടി.എമ്മിലും കവർച്ച. 4,30,500 രൂപ കവരുകയും എ.ടി.എം. മെഷീനു തീയിടുകയും ചെയ്തു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച പുലർച്ചെയാണ് കവർച്ച നടന്നതെന്ന് അനുമാനിക്കുന്നു. തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോൾ എ.ടി.എമ്മിൽ നിന്നുള്ള വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലാത്തതിനാൽ ജീവനക്കാരും പ്രസിഡന്റ് ഇ. മോഹനനും എ.ടി.എമ്മിലെത്തി പരിശോധച്ചപ്പോളാണ് കവർച്ച നടത്തി തീയിട്ട നിലയിൽ കണ്ടത്.
കണ്ണപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കണ്ണപുരം സി.ഐ പി.എൻ സുകുമാരൻ, എസ്.ഐ പരമേശ്വരനായിക്ക് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മാങ്ങാട്ടുപറമ്പിലും കല്യാശേരിയിലും കവർച്ച നടത്തിയ അതേ സംഘം തന്നെയാണ് ഇരിണാവിലും കവർച്ച നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.