
തിരുവനന്തപുരം:കൊവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം 'സി.എം കൺസൾട്ട്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൂടുതൽ പേർ കൊവിഡ് ബാധിക്കാത്തവരാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭ്യമാകുന്നതിന് അനുസരിച്ചേ നമുക്ക് വാക്സിനേഷൻ നടത്താനാകൂ. ഇത് കൂടുതൽ ലഭ്യമാക്കാൻ ശ്രമങ്ങളുണ്ടാകും.
ആരോഗ്യ ചികിത്സാ രംഗത്തെ എല്ലാ മേഖലകളെയും പ്രോത്സാഹിപ്പിക്കും. അലോപ്പതി, ആയുർവേദം,ആരോഗ്യരംഗത്ത് ഉന്നതവിദ്യാഭ്യാസ മേഖല വിപുലീകരിക്കുമ്പോൾ ഗവേഷണത്തിന് മുൻതൂക്കം നൽകും. ഇതിനായി ഫെലോഷിപ്പ് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങളുണ്ടാകും.നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ,ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
4034 പേർക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4034 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂർ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂർ 206, പാലക്കാട് 147, കാസർകോട് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. പുതിയതായി ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 72 വയസുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80.