
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി കയറ്റുമതിയിൽ 20 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് എസ്-പ്രെസോ, സ്വിഫ്‌റ്റ്, വിറ്റാര ബ്രെസ എന്നിവയുടെ ഏറ്റവും പുതിയ ബാച്ച് ഇന്നലെ കയറ്റുമതി ചെയ്‌തതോടെയാണ് ഈ നേട്ടം മാരുതി സുസുക്കി സ്വന്തമാക്കിയത്.
ആഗോള വാഹന വിപണിയിൽ ഇന്ത്യ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേ തന്നെ കയറ്റുമതിയിൽ മാരുതി ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. 34 വർഷമായി മാരുതി കയറ്റുമതി രംഗത്തുണ്ട്. ഈ ദീർഘകാല അനുഭവസമ്പത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ സഹായകമായിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിചി അയുകാവ പറഞ്ഞു. 14 മോഡലുകളുടെ 150 ഓളം വേരിയന്റുകൾ 100 ഓളം രാജ്യങ്ങളിലേക്കാണ് മാരുതി ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന മാരുതി സുസുക്കി മോഡലുകൾക്ക് വിദേശത്ത് മികച്ച പ്രിയമുണ്ട്.
ആകർഷകമായ രൂപകല്‌പന, ഭേദപ്പെട്ട വില, മികച്ച നിലവാരവും സുരക്ഷയും, ഉന്നത സാങ്കേതികവിദ്യ എന്നിവയാണ് സ്വീകാര്യതയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയ്ക്ക് പുറമേ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കഴിഞ്ഞ എട്ടുവർഷത്തിനിടെ കയറ്റുമതിയിൽ അതിവേഗ വളർച്ച കൈവരിക്കാനും മാരുതി സുസുക്കിക്ക് കഴിഞ്ഞു.
1987
ഇന്ത്യയിൽ നിന്ന് മാരുതി സുസുക്കി ആദ്യമായി കയറ്റുമതി ആരംഭിച്ചത് 1987 സെപ്‌തംബറിലാണ്. ഹംഗറിയിലേക്കുള്ള 500 കാറുകളായിരുന്നു അത്. 2012-13ൽ 10 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് കയറ്റുമതിയിൽ പിന്നിട്ടു. ചിലി, ഇൻഡോനേഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ വലിയപങ്കും മാരുതിയാണ്.