
തകർന്നുകൊണ്ടിരുന്ന പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനത്ത് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചത്. മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ കൂടി മാത്രം. ഈ അവസരത്തിൽ ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ, പൊതുവിദ്യാഭ്യാസ രംഗത്ത് ' നമുക്ക് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞെന്ന് നിസംശയം പറയാം. സർക്കാർ എയ്ഡഡ് സ്കൂളുകളിലുണ്ടായ 6.79 ലക്ഷം കുട്ടികളുടെ വർദ്ധന തന്നെ ഇതിനു പ്രകടമായ തെളിവാണ്. കേരളത്തിലെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടു വച്ച ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ലോകത്തെവിടെയുമുള്ള നിശ്ചിത പ്രായക്കാരായ വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന അറിവും കഴിവും കേരളത്തിലെ സമാനപ്രായക്കാരും നേടുക എന്നതാണ് മുഖ്യമായും ഇതുകൊണ്ടുദ്ദേശിച്ചത്. അതിലേക്കു നയിക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും, ഈ ലക്ഷ്യം പൂർണതോതിൽ കൈവരിക്കാൻ സാധിച്ചില്ലെന്നത് യഥാർത്ഥ്യം. ഓരോ കുട്ടിയുടെയും കഴിവനുസരിച്ച് ഇത് എത്രമാത്രം നേടാനായെന്ന് ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്. നിലവിലുള്ള പരീക്ഷാരീതി ഇതിനു പര്യാപ്തമല്ല. അതിനാൽ ഇതിനായി കുട്ടികളുടെ പെർഫോമൻസ് സൂചകങ്ങൾ പ്രത്യേകം രൂപപ്പെടുത്തണം. അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ പറ്റിയ രീതിയിലാണോ പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും ഉള്ളടക്കമെന്നും പരിശോധിക്കണം. പഠനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള യഥാർത്ഥദൂരം മനസിലാക്കി അതിലെത്താനുള്ള തന്ത്രങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാകണം മുൻഗണന നൽകേണ്ടത്.
പ്രീ സ്കൂൾ വിദ്യാഭ്യാസം
പ്രീ സ്കൂൾ വിദ്യാഭ്യാസമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റൊരു മേഖല. വ്യക്തികളും ട്രസ്റ്റുകളും വിവിധ സർക്കാർ ഏജൻസികളും നടത്തുന്ന പലതരം പ്രീ സ്കൂളുകൾ സംസ്ഥാനത്തുണ്ട്. വ്യത്യസ്ത പാഠ്യപദ്ധതികളും പഠനരീതികളുമാണ് നിലവിലുള്ളത്. വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള പ്രീ സ്കൂളുകൾ, അംഗൻവാടികൾ എന്നിവയുടെ അക്കാദമിക ഭൗതിക സൗകര്യങ്ങൾ സംബന്ധിച്ച ഒരു അവസ്ഥാപഠനം 2018ൽ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ഈ മേഖലയിൽ വലിയ രീതിയിലുള്ള ഇടപെടൽ നടക്കേണ്ടതുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമമായ ഏകോപനം, അദ്ധ്യാപക പരിശീലനം എന്നിവയും കൂടുതൽ ശ്രദ്ധ ആവശ്യമായ കാര്യങ്ങളാണ്.
അദ്ധ്യാപകരും സ്മാർട്ടാകണം
സ്കൂളുകൾ ഹൈടെക് ആക്കുമ്പോഴും ക്ലാസ് മുറികൾ സ്മാർട്ടാക്കുമ്പോഴും നാം പ്രതീക്ഷിക്കുന്നത് ഉയർന്ന വിദ്യാഭ്യാസ നിലവാരമാണ്. എന്നാൽ, അദ്ധ്യാപകർക്ക് ഇത് എത്രമാത്രം കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും എന്നതിനെ ആശ്രയിച്ചാകും ഫലപ്രാപ്തി. ഇവയോട് വിമുഖത കാണിക്കുന്നവരും ഇവ പ്രയോഗിക്കുന്നതിൽ വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത അദ്ധ്യാപകരും നിരവധിയുണ്ട്. ക്ലാസ് മുറികൾ സ്മാർട്ടാകുന്നതു പോലെ തന്നെ അദ്ധ്യാപകരും സ്മാർട്ടാകേണ്ടതുണ്ട്. ആധുനിക രീതിയിലുള്ള നിരന്തരമായ പരിശീലനവും മോണിട്ടറിംഗും ഇല്ലാതെ ഇത് സാദ്ധ്യമല്ല.
കൗൺസലിംഗ് സൗകര്യം
വിവിധ കാരണങ്ങളാൽ പലവിധ മാനസിക സംഘർഷങ്ങളും പിരിമുറുക്കവും അനുഭവിക്കുന്നവരാണ് കുട്ടികൾ. പ്രത്യേകിച്ച് കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ. സ്കൂളുകളിൽ കൗൺസലിംഗ് സൗകര്യം ലഭ്യമാക്കുമെന്ന് സർക്കാർ പറഞ്ഞത് സ്വാഗതാർഹമാണ്. സ്കൂളുകളിലെ നിലവിലെ സ്ഥിതി പരിതാപകരമാണ്. ഹയർ സെക്കൻഡറി മേഖലയിലാണ് ഇക്കാര്യത്തിൽ കുറെയെങ്കിലും സേവനം ലഭിക്കുന്നത്. എല്ലാ സ്കൂളുകളിലേക്കും കുട്ടികളിലേക്കും ഇത് വ്യാപിപ്പിക്കേണ്ടതുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും എതിരായ മനോഭാവം വളർത്താനും ഇത് സഹായകമാകും. രക്ഷിതാക്കൾക്കു വേണ്ടിയുള്ള കൗൺസലിംഗും പരിഗണിക്കുക തന്നെ വേണം.
പഠന നിലവാരം
നിരവധി പുതിയ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠന നിലവാരത്തിൽ ഇനിയും മുഖ്യധാരയിലെത്താൻ കഴിഞ്ഞിട്ടില്ല. വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവർക്കു സാദ്ധ്യമായ ഉയർന്ന പഠനനിലയിലേക്ക് എത്തേണ്ടതുണ്ട്. ഇവരെ സഹായിക്കുന്നതിനായി റിസോഴ്സ് അദ്ധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ എല്ലാ വിദ്യാലയങ്ങൾക്കും / കുട്ടികൾക്കും ഇവരുടെ സേവനം പൂർണസമയം ലഭ്യമാകുന്നില്ല. വിവിധ വെല്ലുവിളികളെ അതിജീവിക്കാനും പഠിക്കാനും കുട്ടികൾക്കു സഹായം നൽകാൻ കഴിയുന്ന വ്യത്യസ്ത വിഭാഗം റിസോഴ്സ് അദ്ധ്യാപകരെ ആവശ്യമായത്ര എണ്ണം വിദ്യാലയങ്ങളിൽ സ്ഥിരമായി നിയമിക്കേണ്ടതുണ്ട്.
ഭൗതിക സൗകര്യങ്ങൾ
കുട്ടികളുടെ കായികക്ഷമത വികസിപ്പിക്കാനാവശ്യമായ കളിസ്ഥലം ഉൾപ്പെടെയുള്ള ഭൗതികസൗകര്യങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. ഇന്നത്തെ സ്കൂൾ പാർലമെന്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് മറ്റൊരു കാര്യം. ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗം, മലിനീകരണം തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളെ ഏകോപിപ്പിക്കാനും , ജനാധിപത്യ മാനവിക മൂല്യങ്ങളും ശീലങ്ങളും സാംശീകരിക്കുന്നതിനും യോജിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സാധിക്കത്തക്കവിധം സ്കൂൾ പാർലമെന്റുകളെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലെത്താൻ ഇനിയും കുറെ ദൂരം സഞ്ചരിക്കണമെന്നർത്ഥം. സംസ്ഥാനത്തിന്റെ അടുത്തഭരണം ആരുടെ കൈകളിലായാലും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിനായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. എയ്ഡഡ് സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനം കൂടി സാദ്ധ്യമായാൽ മാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണവും ശാക്തീകരണവും എന്ന യജ്ഞം അർത്ഥപൂർണമാവുകയുള്ളൂ.
(ലേഖകൻ പത്തനംതിട്ട ഡയറ്റ് റിട്ട. പ്രിൻസിപ്പലാണ് 
ഫോൺ: 9447734041)