തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ രാഷ്ട്രീയ മന്നേറ്റമുണ്ടാക്കുമെന്നും ഐക്യത്തോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോരായ്മകൾ പരിഹരിച്ച് യു.ഡി.എഫ് മന്നോട്ട് പോകും. തദ്ദേശ തിരഞ്ഞെടുപ്പ് പൂർണമായും രാഷ്ട്രീയ വിലയിരുത്തലല്ല. പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാർത്ഥികളുടെ വ്യക്തി സ്വാധീനങ്ങളുമെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യഘടകങ്ങളാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം കൃത്യമായി ചർച്ച ചെയ്യപ്പെടും. ഭരണനേട്ടം ഉയർത്തിക്കാണിക്കാൻ ഇല്ലാത്തതിനാലാണ് സി.പി.എം വർഗീയതയെ കൂട്ടുപിടിക്കുന്നതും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്. ഹംസ, പി.എം. സാദിഖലി, ടി.എം. സലിം എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ .ഷുക്കൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.